
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ അത്യാധുനിക പ്രതിരോധ കവചങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള ‘ശൗര്യ എൻജി’ (Shaurya NG) ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് കരയിൽനിന്ന് തൊടുക്കാവുന്ന ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നത്.
ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ (Mach 7+) സഞ്ചരിക്കുന്ന ഈ മിസൈലിന് 700 മുതൽ 1,000 കിലോ മീറ്റർ വരെ ദൂരപരിധി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അന്തർവാഹിനികളിൽനിന്ന് തൊടുക്കുന്ന K-15 സാഗരിക മിസൈലിന്റെ കരയിൽനിന്ന് ഉപയോഗിക്കാവുന്ന പതിപ്പാണ് ശൗര്യ മിസൈൽ. 2011-ലാണ് ആദ്യമായി പരീക്ഷിച്ചത്.
തുടർന്ന് 2020-ൽ കൂടുതൽ പരീക്ഷണം നടന്നു. നിലവിൽ സൈന്യത്തിന്റെ ഭാഗമാകുന്നതിനുള്ള ഉൽപ്പാദന ഘട്ടത്തിലാണ്. ഇതിന്റെ പരിഷ്‌കരിച്ച, ഭാരം കുറഞ്ഞതും കൃത്യത വർധിപ്പിച്ചതുമായ പതിപ്പാണ് ശൗര്യ എൻജി.
ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് ചുറ്റുമുണ്ടാകുന്ന പ്ലാസ്മ ഷീത്ത് (plasma sheath) റേഡിയോ സിഗ്‌നലുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഈ പ്രതിസന്ധിയെ മറികടന്ന് ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഇമേജിംഗ് ഇൻഫ്രാറെഡ് (IIR), ആക്റ്റീവ് റഡാർ എന്നിവ സംയോജിപ്പിച്ച ‘മൾട്ടി-മോഡ് സീക്കർ’ സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ശൗര്യ എൻജി മിസൈലിന് സാധിക്കും.
സാധാരണ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ നിശ്ചിത പാതയിലൂടെയല്ല (ballistic trajectory) ശൗര്യ സഞ്ചരിക്കുന്നത്. മറിച്ച് ക്വാസി-ബാലിസ്റ്റിക് പാത പിന്തുടരുന്ന ഈ മിസൈൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുൻപ് അതിവേഗത്തിൽ ദിശ മാറാൻ (high-G jinking maneuvers) കഴിവുള്ളതാണ്. ബാലിസ്റ്റിക് മിസൈലിനെപ്പോലെ കുതിച്ചുയരുകയും എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഒരു ക്രൂസ് മിസൈലിനെപ്പോലെ ദിശ മാറി സഞ്ചരിക്കുകയും ചെയ്യും. ഇത് ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഇത്തരം നീക്കങ്ങൾ നടത്തുന്നത് ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ തടയുക അസാധ്യമാവും.
മിസൈൽ വിക്ഷേപണത്തിനായി ‘കോൾഡ് ലോഞ്ച്’ (cold launch) രീതിയാണ് ഉപയോഗിക്കുന്നത്. മിസൈലിന്റെയോ റോക്കറ്റിന്റെയോ പ്രധാന എഞ്ചിൻ വിക്ഷേപണ വാഹനത്തിനുള്ളിൽ വെച്ച് (Silo or Tube) ജ്വലിപ്പിക്കാതെ, മിസൈലിനെ പുറത്തേക്ക് തള്ളിയതിന് ശേഷം മാത്രം പ്രവർത്തിപ്പിക്കുന്ന രീതിയാണിത്.
മിസൈൽ ഇരിക്കുന്ന ട്യൂബിനുള്ളിൽ ഉയർന്ന മർദ്ദത്തിലുള്ള വാതകമോ ഒരു ചെറിയ പിസ്റ്റൺ സംവിധാനമോ ഉപയോഗിച്ച് മിസൈലിനെ വായുവിലേക്ക് ഉയർത്തുന്നു. മിസൈൽ ലോഞ്ചറിൽനിന്ന് സുരക്ഷിതമായ ഉയരത്തിൽ എത്തിയതിന് ശേഷം മാത്രമേ അതിന്റെ പ്രധാന എഞ്ചിൻ ജ്വലിക്കുകയുള്ളു.
ഇത് വിക്ഷേപണ വാഹനത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രത്യേക അറ്റകുറ്റപ്പണികൾ കൂടാതെ 10 മുതൽ 15 വർഷം വരെ പ്രവർത്തനസജ്ജമായി സൂക്ഷിക്കാൻ കഴിയുന്ന അത്യാധുനിക കാനിസ്റ്ററുകളും (canisters) ഇതിനായി വികസിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും ട്രാൻസ്‌പോർട്ടർ ഇറക്റ്റർ ലോഞ്ചർ (TEL) വാഹനങ്ങൾ ഉപയോഗിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്.
ആധുനിക മിസൈൽ വേധ സംവിധാനങ്ങൾ ലോകമെമ്പാടും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ ശൗര്യ എൻജി നിർണ്ണായക പങ്കുവഹിക്കുമെന്നാണു പ്രതീക്ഷ. സാധാരണ സ്‌ഫോടക വസ്തുക്കളും (Conventional) ആണവായുധങ്ങളും (Nuclear warheads) വഹിക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്.






