
ന്യൂയോർക്ക്: യുഎസിന്‍റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഉയർത്താനുള്ള ഉത്തരവിൽ ജനുവരി 20ന് ഒപ്പുവയ്ക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ജനുവരി 20 നാണ് യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാമേൽക്കുന്നത്. ട്രംപിന്‍റെ ആദ്യ തീരുവ പദ്ധതിയിൽ ഇന്ത്യയില്ല.
കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതി സാധനങ്ങൾക്കും 25 ശതമാനം അധിക ചുങ്കം കൂടാതെ ചൈനയിൽനിന്നുള്ള ഇൻബൗണ്ട് ഷിപ്പ്മെന്‍റുകൾക്ക് 10 ശതമാനം അധിക തീരുവയും ചുമത്തുമെന്നും പ്രഖ്യാപിച്ചു.
ചൈനയിൽനിന്നുള്ള സിന്തറ്റിക് ഒപിയോയിഡ് ഫെന്‍റനൈലിന്‍റെ കള്ളക്കടത്ത് ചൈനീസ് സർക്കാർ തടയുന്നതുവരെ അധിക തീരുവ ഈടാക്കും. ഈ നടപടികൾ, മയക്കുമരുന്നിന്‍റെ കടത്ത്, കുടിയേറ്റക്കാരുടെ വരവ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഇൻകമിംഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു.
ഇന്ത്യക്ക് പ്രതീക്ഷ
ട്രംപിന്‍റെ ആദ്യ ഉത്തരവിൽ ഇന്ത്യയില്ലാത്തത് രാജ്യത്തിന് ആശ്വാസം നൽകുന്നു. യുഎസ് ഇന്ത്യയുടെ വലിയൊരു വ്യാപാരപങ്കാളിയാണ്. 190 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഓരോ വർഷവും നടത്തുന്നത്.
2020, 2024 സാമ്പത്തിക വർഷങ്ങൾക്കിടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 46 ശതമാനം ഉയർന്നു. ഒപ്പം യുഎസിൽനിന്നുള്ള ഇറക്കുമതി 17.9 ശതമാനം വർധിച്ചു.
ചൈന, മെക്സിക്കോ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കു വരുന്ന സാധനങ്ങൾക്ക് തീരുവ ഉയർത്തുന്നത് ഇന്ത്യക്ക് നല്ലൊരു അവസരമാണ്. ഇന്ത്യക്ക് ടെക്സ്റ്റൈൽസ്, ഇലക്‌ട്രോണിക്, മെഷീനറി, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ കയറ്റുമതി ഉയർത്താനാകും.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ, ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത ഏറ്റവും വലിയ ഇനമാണ് എൻജിനിയറിംഗ് സാധനങ്ങൾ, മൊത്തം കയറ്റുമതിയിൽ ഏകദേശം 27 ശതമാനം വിഹിതവും ഇതായിരുന്നു.
ഇലക്‌ട്രോണിക് സാധനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉത്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയും പ്രധാന വിഹിതമായി.






