
വാഷിങ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പടുത്തിയിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. തീരുവ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.
തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ ഇന്ത്യയുടെ വിപണി സംരക്ഷണ നയത്തേയും ഉയര്‍ന്ന താരിഫിനെയും വിമര്‍ശിച്ച ട്രമ്പ് ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്ന വാചകം ആവര്‍ത്തിച്ചു.
‘ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്. പക്ഷേ അവരുടെ താരിഫ് വളരെ ഉയര്‍ന്നതായതിനാല്‍ അവരുമായി താരതമ്യേന കുറച്ച് ഇടപാടുകള്‍ മാത്രമേ ഞങ്ങള്‍
നടത്തുന്നുള്ളൂ… കൂടാതെ ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്,’ ട്രമ്പ് എഴുതി.
ഇറക്കുമതി തീരുവ നിലവില്‍ വരുന്നതോടെ ഉയര്‍ന്ന മാര്‍ജിന്‍ ഉള്ള തുണിത്തരങ്ങളില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കം നഷ്ടപ്പെടും. അമേരിക്കന്‍ വസ്ത്ര ഇറക്കുമതിയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നാണ്. കൂടാതെ, ഇന്ത്യയുടെ രത്‌ന, ആഭരണ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. ഇത് 10 ബില്യണ്‍ ഡോളറിലധികം അല്ലെങ്കില്‍ മൊത്തം വ്യാപാരത്തിന്റെ ഏകദേശം 30% വരും.
ട്രമ്പിന്റെ തീരുവയുടെ ആഘാതം ഏറ്റുവാങ്ങുന്ന മറ്റൊരു മേഖല വാഹന ഉപകരണങ്ങളുടേതാണ്. 2024 സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ വാഹന ഉപകരണ കയറ്റുമതി 2.2 ബില്യണ്‍ ഡോളരിന്റേതായിരുന്നു.
ഇന്ത്യയുടെ ഫോട്ടോവോള്‍ട്ടെയ്ക് കയറ്റുമതിയേയും താരിഫ് ബാധിക്കും. 2023 ല്‍ രാജ്യത്തിന്റെ ഫോട്ടോവോള്‍ട്ടെയ്ക്ക് കയറ്റുമതിയുടെ 97% വും യുഎസിലേയ്ക്കാണ്. താരിഫ് നിലവില്‍ വരുന്നതോടെ സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പനയിലും ലാഭക്ഷമതയിലും ഇടിവ് നേരിടേണ്ടി വന്നേക്കാം. നിലവില്‍ ഇവര്‍ കുറഞ്ഞ ലാഭമാണെടുക്കുന്നത്.
സമുദ്രോത്പന്നങ്ങള്‍ ഉള്‍പ്പെടെ 9 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കയറ്റുമതിക്ക് പുതിയ താരിഫ് ബാധകമാകും. ഇതോടെ കയറ്റുമതിക്കാര്‍ വില ഉയര്‍ത്താനും ചെലവ് കുറയ്ക്കാനും നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പുതിയ വിപണികള്‍ വേഗത്തില്‍ കണ്ടെത്തേണ്ടി വരും.