
- നിതി ആയോഗ് സിഇഒയുടെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് ഐഎംഎഫ് ഡേറ്റ
ന്യൂഡൽഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായിക്കഴിഞ്ഞുവെന്ന നിതി ആയോഗ് സിഇഒയുടെ പരാമർശം പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്നതാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ.
ഇതേ ഡേറ്റ ഉദ്ധരിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ച് വിശദീകരിച്ചത്.
യഥാർഥത്തിൽ ജപ്പാനെ നടപ്പു സാമ്പത്തിക വർഷത്തിന്റെ (2025–26) അവസാനം ഇന്ത്യ മറികടന്നേക്കുമെന്നുള്ള അനുമാനമാണ് ഐഎംഎഫ് കണക്കിലുള്ളത്. എന്നാൽ ഈ കണക്ക് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തേതാണെന്ന് തെറ്റിദ്ധരിച്ചാണ് ‘മറികടന്നു’ എന്ന പരാമർശം അദ്ദേഹം നടത്തിയതെന്നാണ് സൂചന.
ഐഎംഎഫ് പറയുന്നത്
യുഎസ്, ചൈന, ജർമനി, ജപ്പാൻ, ഇന്ത്യ എന്നിവയാണ് നിലവിൽ ജിഡിപി കണക്കിൽ യഥാക്രമം ആദ്യ 5 സ്ഥാനങ്ങളിലുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തികവർഷം (2024–25) ഇന്ത്യയുടെ ജിഡിപി (സമ്പദ്‍വ്യവസ്ഥ) 3.9 ലക്ഷം കോടി ഡോളറിന്റേതാണ്.
ജപ്പാന്റേത് 4.02 ലക്ഷം കോടി ഡോളറും. അതായത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.186 ലക്ഷം കോടി ഡോളറുമാകുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരും.
ആശയക്കുഴപ്പം?
സാമ്പത്തികവർഷം കണക്കാക്കുന്നതിൽ ഇന്ത്യയും ഐഎംഎഫും പിന്തുടരുന്ന രീതികളിലെ വ്യത്യാസമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 2024–25 സാമ്പത്തിക വർഷത്തിനെ ഐഎംഎഫ് FY24 എന്നും ഇന്ത്യ FY25 എന്നുമാണ് വിശേഷിപ്പിക്കുന്നത്.
FY25ലെ അനുമാനമായി ഐഎംഎഫ് നൽകിയ കണക്ക് 2025–26 വർഷത്തേതാണ്. എന്നാൽ ഇത് 2024–25 വർഷത്തേതാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ചുരുക്കത്തിൽ ജപ്പാനെ ഇന്ത്യ മറികടന്നിട്ടില്ല, നടപ്പു സാമ്പത്തിക വർഷം മറികടക്കും എന്നു പറയുന്നതാണ് വസ്തുതാപരമായി ശരി.