
ന്യൂഡൽഹി: ഇന്ത്യയിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനായി കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീമിന് കീഴിൽ കൂടുതൽ വ്യവസായങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
പെട്രോളിയം റിഫൈനറികൾ, തുണിത്തരങ്ങൾ, പെട്രോകെമിക്കൽസ് തുടങ്ങി 208 പുതിയ വ്യവസായ യൂണിറ്റുകൾക്കാണ് സർക്കാർ പുതുതായി ഹരിതഗൃഹ വാതക ബഹിർഗമന തീവ്രത ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കാർബൺ വിപണിയുടെ പരിധിയിൽ വരുന്ന ആകെ സ്ഥാപനങ്ങളുടെ എണ്ണം 490 ആയി ഉയർന്നു. വ്യവസായ മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദ നടപടികൾ പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
2025- ഒക്ടോബറിൽ അലുമിനിയം, സിമന്റ്, ക്ലോർ-ആൽക്കലി, പൾപ്പ് ആൻഡ് പേപ്പർ എന്നീ മേഖലകളിലെ 282 സ്ഥാപനങ്ങളെ ഈ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ജനുവരി 13-ന് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം പെട്രോളിയം റിഫൈനറികൾ, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, സെക്കൻഡറി അലുമിനിയം എന്നീ മേഖലകളെ കൂടി കാർബൺ കംപ്ലയൻസ് ഫ്രെയിംവർക്കിന് കീഴിൽ കൊണ്ടുവന്നിരുന്നു.
പുതിയ നിയമപ്രകാരം, ഈ സ്ഥാപനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള കാർബൺ പുറന്തള്ളൽ പരിധി കൃത്യമായി പാലിക്കേണ്ടതുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ കാർബൺ പുറത്തുവിടുന്ന കമ്പനികൾ, അത് പരിഹരിക്കുന്നതിനായി വിപണിയിൽ നിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങാൻ ബാധ്യസ്ഥരാണ്.
2023-ൽ വിജ്ഞാപനംചെയ്ത കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീം വഴിയാണ് രാജ്യത്തെ കാർബൺ വിപണിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇതിൽ പ്രധാനമായും കംപ്ലയൻസ് മെക്കാനിസം, ഓഫ്സെറ്റ് മെക്കാനിസം എന്നിങ്ങനെ രണ്ട് രീതികളാണുള്ളത്.
കംപ്ലയൻസ് മെക്കാനിസം വഴി, നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ കൂടുതൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ‘കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ’ ലഭിക്കും. ഓഫ്സെറ്റ് മെക്കാനിസം അനുസരിച്ച് ഈ സർട്ടിഫിക്കറ്റുകൾ പുറന്തള്ളൽ പരിധി മറികടന്ന സ്ഥാപനങ്ങൾക്ക് വിൽക്കാൻ സാധിക്കും. ഇതുവഴി വ്യവസായങ്ങൾക്കിടയിൽ ഒരു വിപണി അധിഷ്ഠിത സംവിധാനം സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ നെറ്റ് സീറോ (Net Zero) ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഈ നടപടി വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യവസായ വളർച്ചയും ഇന്ത്യയുടെ ദീർഘകാല കാലാവസ്ഥാ പ്രതിജ്ഞകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഈ കാർബൺ വിപണി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.






