എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം

ന്താരാഷ്ട്ര വ്യാപാര ചതുരംഗത്തിൽ ഇന്ത്യ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. നീണ്ട 18 വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തമാണ് ഇതോടെ യാഥാർഥ്യമായത്.

ഉത്പാദന, സേവന മേഖലകൾക്ക് വൻ ഉത്തേജനം നൽകുന്നതിനൊപ്പം ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരാറിന് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ട്. കരാറിൽ ഒപ്പുവെച്ചതായി ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

18 വർഷത്തെ കാത്തിരിപ്പ്
2007-ൽ ആരംഭിച്ച ചർച്ചകൾ 2013-ൽ താത്ക്കാലികമായി നിലയ്ക്കുകയും 2022-ൽ പുനരാരംഭിക്കുകയും ചെയ്തത് ചരിത്രം. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച ആഗോള അനിശ്ചിതത്വമാണ് ഇന്ത്യയെയും യൂറോപ്പിനെയും ഇത്തരമൊരു തന്ത്രപരമായ തീരുമാനത്തിലേയ്ക്ക് വേഗത്തിൽ എത്തിച്ചത്.

‘എല്ലാ കരാറുകളുടെയും മാതാവ്’ (Mother of All Deals) എന്ന് വിശേഷിപ്പിച്ച ഈ ഉടമ്പടി ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്ന രണ്ട് വൻശക്തികളെയാണ് കൂട്ടിയിണക്കുന്നത്. ഏകദേശം 136 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പ്രാപ്തമാണ്.

നിലവിൽ ചർച്ചകൾ പൂർത്തിയായെങ്കിലും കരാറിന്റെ നിയമപരമായ സൂക്ഷ്മപരിശോധനകൾക്ക് ആറ് മാസം വരെ സമയമെടുത്തേക്കാം. അടുത്ത വർഷത്തോടെ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാറിന്റെ വ്യാപ്തി
ആഗോള സ്വാധീനം: ലോകത്തെ ആകെ ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ 33.3 ശതമാനവും (1/3) കരാറിന്റെ ഭാഗമാകും.

മേഖലാപരമായ നേട്ടം: ഇന്ത്യയിലെ ഉത്പാദന, സേവന മേഖലകൾക്ക് കരാർ കരുത്ത് നൽകും. ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകും.

നിക്ഷേപ സാധ്യത: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ബിസിനസുകാർക്കും ആത്മവിശ്വാസം നൽകും.

വ്യാപാര മൂല്യം: 2024-25 കാലയളവിൽ ഇന്ത്യയും യൂറോപ്യൻ തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 190 ബില്യൺ ഡോളറിന് മുകളിലായിരുന്നു. പുതിയ കരാർ ഈ തുകയിൽ കാര്യമായ വർധനവുണ്ടാക്കും.

പ്രതിരോധവും സുരക്ഷാ പങ്കാളിത്തവും
വ്യാപാരത്തിനപ്പുറം പ്രതിരോധ മേഖലയിലെ സഹകരണവും ശക്തമാക്കാൻ ധാരണയായിട്ടുണ്ട്.
പ്രതിരോധ ഉടമ്പടി: ഇന്ത്യയും ഇയുവും തമ്മിലുള്ള ‘സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ്’ നാഴികക്കല്ലാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കായ കല്ലാസ് വിശേഷിപ്പിച്ചു.

യൂറോപ്യൻ പ്രതിനിധി സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും മൂന്ന് സേനാ മേധാവികളുമായും ചർച്ച നടത്തി. ഉഭയകക്ഷി തലത്തിൽ പ്രതിരോധ സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോയുടെ സാമ്പത്തിക സ്രോതസ്സായ ‘സേഫ്’ (Security Action for Europe) പദ്ധതിയിൽ പങ്കെടുക്കാൻ രാജ്യത്തെ കമ്പനികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അംഗരാജ്യങ്ങളുടെ പ്രതിരോധ സന്നദ്ധത വർധിപ്പിക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്.

ഊർജ വിപണിയിലെ സുവർണ്ണാവസരം
ആഗോള സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും എണ്ണ വിപണി ശാന്തമാണ്. കഴിഞ്ഞ വർഷം ബാരലിന് ശരാശരി 69 ഡോളറിലായിരുന്ന വില ഈ വർഷം 50 ഡോളറിലേക്ക് താഴ്‌ന്നേക്കും. പ്രകൃതിവാതക വിപണിയിൽ മുമ്പെങ്ങുമില്ലാത്തവിധം വിതരണം കൂടും. ഇത് വിലകുറയാൻ ഇടയാക്കുകയും ചെയ്യും.

2014-16 കാലഘട്ടത്തിൽ എണ്ണവില കുറഞ്ഞപ്പോൾ ഡീസൽ നിയന്ത്രണം ഒഴിവാക്കിയതുപോലെയുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ പറ്റിയ സമയമാണിത്.

തൊഴിലാളികളുടെ കുടിയേറ്റം
ഇന്ത്യയിലെ തൊഴിലാളികൾക്ക് യൂറോപ്പിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിനുള്ള ധാരണാപത്രം കരാറിന്റെ പ്രധാന നേട്ടമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ ഇതിടയാക്കും.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി നിലവിൽ തന്നെ കുടിയേറ്റ-മൊബിലിറ്റി പങ്കാളിത്തമുണ്ട്. പുതിയ കരാർ ഇതിനെ കൂടുതൽ വിപുലമാക്കുകയും ചെയ്യും.

വ്യവസായ മേഖലകളിലെ പ്രതീക്ഷ
വ്യാപാര കരാർ പ്രഖ്യാപനം പുറത്തുവന്നതോടെ കയറ്റുമതി കേന്ദ്രീകൃതമായ വ്യവസായ മേഖലകളിൽ ഉണർവ് പ്രകടമായി. ടെക്‌സ്‌റ്റൈൽ, ചെമ്മീൻ കയറ്റുമതി മേഖലകളിലെ ഓഹരികൾ 12% വരെ നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണിയിലേക്കുള്ള ഇറക്കുമതി തീരുവകൾ കുറയുന്നത് കമ്പനികളുടെ ലാഭക്ഷമത വർധിപ്പിക്കുമെന്ന തിരിച്ചറിവാണ് വിപണിയിൽ പ്രകടമായത്.

സാങ്കേതിക വിദ്യ കൈമാറ്റവും ആഗോള ശൃംഖലയും
ഓട്ടോമൊബൈൽ മേഖലയെ സംബന്ധിച്ചിടത്തോളം കരാർ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരുന്നത്. ചരിത്രത്തിലാദ്യമായി വാഹന ഘടകഭാഗങ്ങളുടെ കയറ്റുമതിയിൽ അമേരിക്കയെ പിന്തള്ളി യൂറോപ്പ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായി. (H1 FY26 ൽ 3.73 ബില്യൺ ഡോളർ).

വാഹനങ്ങളുടെ കാര്യത്തിൽ ‘ക്വാട്ട അടിസ്ഥാനത്തിലുള്ള പരസ്പര ആനുകൂല്യങ്ങളും’ ഘടകഭാഗങ്ങളുടെ തീരുവയിൽ ഘട്ടംഘട്ടമായുള്ള കുറവുമാണ് കരാറിന്റെ സവിശേഷത.
യൂറോപ്യൻ സാങ്കേതികവിദ്യയുടെ കൈമാറ്റവും ഇലക്ട്രിക് വാഹന രംഗത്തെ സംയുക്ത സംരംഭങ്ങളും ഭാരതത്തെ ആഗോള എക്‌സ്‌പോർട്ട് ഹബ്ബാക്കി മാറ്റും.

2030-ഓടെ വാഹന ഘടകഭാഗങ്ങളുടെ കയറ്റുമതി 60 ബില്യൺ ഡോളറായും മൊത്തം വാഹന ഉത്പാദനത്തിന്റെ 25 ശതമാനം കയറ്റുമതിയായും വർദ്ധിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കരാർ കരുത്തുപകരും. മാരുതി സുസുകി ഇതിനകം തന്നെ ഇ-വിറ്റാര യൂറോപ്പിലേക്ക് വൻതോതിൽ കയറ്റി അയച്ചു തുടങ്ങിയത് ഈ മാറ്റത്തിന്റെ ലക്ഷണമാണ്.

ഭൗമരാഷ്ട്രീയ വെല്ലുവിളികൾ
യുഎസ്, ചൈന എന്നീ രാജ്യങ്ങളോടുള്ള അമിത സാമ്പത്തിക ആശ്രിതത്വം കുറയ്ക്കാൻ യൂറോപ്പ് ആഗ്രഹിക്കുന്നു. സാമ്പത്തിക നേട്ടങ്ങൾക്കിടയിലും കരാർ സൃഷ്ടിക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികൾ, പ്രത്യേകിച്ച് അമേരിക്കയുമായുള്ള ബന്ധത്തിൽ വരുത്തുന്ന മാറ്റങ്ങൾ സങ്കീർണ്ണമാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധം പോലുള്ള വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തുന്നുണ്ട്. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, സ്ഥിരതയുള്ള ഒരു അന്താരാഷ്ട്ര ക്രമം വേണമെന്ന കാര്യത്തിൽ ഇന്ത്യയും യൂറോപ്പും യോജിക്കുന്നു.

അമേരിക്കയുടെ പ്രതികരണം
കരാറിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച റഷ്യൻ എണ്ണ ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾക്കെതിരെതന്നെ യുദ്ധത്തിന് പണം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഇതിനകം തന്നെ ഇന്ത്യക്ക് 25 ശതമാനം പിഴ തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ പല ഇന്ത്യൻ ഉത്പന്നങ്ങൾക്കും 50 ശതമാനം വരെ ഇറക്കുമതി തീരുവ നേരിടേണ്ടി വരുന്നു. ഈ സമ്മർദങ്ങൾക്കിടയിലും യൂറോപ്പുമായി കരാറിൽ ഏർപ്പെടുന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം ഉയർത്തിപ്പിടിക്കുന്ന നീക്കമാണ്.

വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വിള്ളലുകൾ വീഴുമ്പോൾ ബ്രസ്സൽസ് ഇന്ത്യയുടെ പങ്കാളിയായി മാറുകയാണ്. വ്യാപാരത്തിനപ്പുറം പ്രതിരോധം, സുരക്ഷ, തൊഴിലാളികളുടെ കുടിയേറ്റം തുടങ്ങിയ മേഖലകളിൽ ഈ കരാർ വിപുലമായ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സാമ്പത്തിക രേഖ മാത്രമല്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞതുപോലെ, ഇന്ത്യയുടെ വിജയം ലോകത്തെ കൂടുതൽ സുസ്ഥിരമാക്കും. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഒരു വലിയ വിപണിയുടെ രൂപീകരണമാണിത്.

അമേരിക്കയുടെ കടുത്ത തീരുവകൾക്കും ഭൗമരാഷ്ട്രീയ സമ്മർദങ്ങൾക്കും ഇടയിൽ രാജ്യം സ്വന്തം സാമ്പത്തിക താത്പര്യങ്ങൾക്കായി കണ്ടെത്തിയ തന്ത്രപരമായ ആയുധമാണ് ഈ കരാർ. ആഗോള സാമ്പത്തിക ക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനം ഉറപ്പിക്കുക തന്നെ ചെയ്യും.

X
Top