ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ‘ഇടിത്തീരുവ’ അടിച്ചേൽപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദത്തിന് വൻ വിള്ളൽ വീഴ്ത്തിയിരുന്നു. ട്രംപിന്റെ നടപടി ഇന്ത്യൻ കയറ്റുമതി മേഖലയെ ഉലച്ചു. എന്നാൽ, ട്രംപ് പിണങ്ങിയാലും ഇന്ത്യ കുലുങ്ങില്ലെന്ന് വ്യക്തമാക്കി, ലോകത്തെ മറ്റ് മുൻനിര രാജ്യങ്ങളുമായി മത്സരിച്ച് വ്യാപാരക്കരാറുകൾ‌ ഒപ്പുവയ്ക്കുകയാണ് ഇന്ത്യ.

ഒമാനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ചതിനു പിന്നാലെ ഇപ്പോഴിതാ ഇന്ത്യ ന്യൂസിലൻഡുമായും ധാരണയിലെത്തി.

ട്രംപ് തീരുവയുദ്ധം തുടങ്ങിയ അവസരം മുതലെടുത്ത് ഇന്ത്യ പുതുക്കിയത് മുടങ്ങിക്കിടന്ന പല വ്യാപാര ബന്ധങ്ങളുമാണ്. റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദിയുമായി ചർച്ചകൾ നടത്തി മടങ്ങിയതിനു പിന്നാലെ അമേരിക്കൻ വ്യാപാര ചർച്ചാപ്രതിനിധി സംഘം ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ, ഇന്ത്യയുടെ കാർഷിക വിപണി തുറന്നുകിട്ടണമെന്ന് ഉൾപ്പെടെയുള്ള അമേരിക്കയുടെ പല ആവശ്യങ്ങൾക്കും കേന്ദ്ര സർക്കാർ വഴങ്ങിയിട്ടില്ല. ഇന്ത്യ നിലപാട് വ്യക്തമാക്കിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് യുഎസ് ആണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

അമേരിക്ക വഴങ്ങിയാൽ വ്യാപാരക്കരാർ പ്രഖ്യാപനം മാർച്ചിനകം പ്രതീക്ഷിക്കാം. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഏറക്കുറെ അടുത്തെത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു. അമേരിക്കയിലേക്കുള്ള വ്യാപാര വാതിൽ തുറന്നുകിട്ടുന്നതിന് പുറമേ ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് ബോണസായി കൂടുതൽ വിപണികളും തുറന്ന് കിട്ടുകയാണ് ഒമാനും ന്യൂസിലൻഡും ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായുള്ള കരാറുകളിലൂടെ.

ഇന്ത്യ-ന്യൂസിലൻഡ് ധാരണ ഇങ്ങനെ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്ന കരാറിനാണ് ധാരണയായത്. ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളും തീരുവരഹിതമായിരിക്കും. ഇത് ഇന്ത്യൻ വ്യാപാരികൾക്ക് വലിയ നേട്ടമുണ്ടാക്കും.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 95 ശതമാനം ഉൽപന്നങ്ങൾക്കും തീരുവ ഒഴിവാക്കിയിട്ടുണ്ട്. ആദ്യദിനം മുതൽ 57 ശതമാനം ഉൽപന്നങ്ങൾ നികുതിരഹിതമായി ഇന്ത്യയിലെത്തും. കരാർ പൂർണമായി നടപ്പാക്കിയാൽ ഇത് 82 ശതമാനമാക്കും. ഇന്ത്യയിൽ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൻ ഡോളർ (ഏകദേശം 1.7 ലക്ഷം കോടി രൂപ) നിക്ഷേപിക്കാമെന്നും ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.

11,600 കോടിയുടെ വ്യാപാരം
2024-25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ 1.3 ബില്യൻ ഡോളറിന്റെ (ഏകദേശം 11,600 കോടി രൂപ) വ്യാപാരം നടന്നുവെന്നാണ് കണക്ക്. 711 ദശലക്ഷം ഡോളർ (ഏകദേശം 6,300 കോടി രൂപ) മൂല്യമുള്ള ഉൽപന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു.

ഇറക്കുമതി മൂല്യം 587 ദശലക്ഷം ഡോളറാണെന്നും (5,200 കോടി രൂപ) കണക്കുകൾ പറയുന്നു. കമ്പിളി, ഇരുമ്പ്, സ്റ്റീൽ, അലൂമിനിയം, പഴവർഗങ്ങൾ, നട്സ്, വുഡ് പൾപ്പ്, പേപ്പർ എന്നിവയാണ് പ്രധാനമായും ന്യൂസിലൻഡിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പകരം വിവിധ തരത്തിലുള്ള മരുന്നുകൾ, യന്ത്രങ്ങൾ, അപൂർവ ലോഹങ്ങൾ, തുണിത്തരങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.

പാൽ, പാലുൽപന്നങ്ങൾ, കാപ്പി, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ എന്നിവയുടെ ഇറക്കുമതിക്ക് അനുമതിയില്ല. പ്രാദേശിക വ്യാപാരികളെയും കർഷകരെയും സംരക്ഷിക്കുന്നതിനാണിത്.

സേവന രംഗത്ത് ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിൽ വ്യാപാര ബന്ധമുണ്ട്. കരാർ നടപ്പാകുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദഗ്ധ തൊഴിലാളികൾക്ക് മൂന്ന് വർഷ കാലാവധിയുള്ള 5,000 വീസ അനുവദിക്കാനും വ്യവസ്ഥയുണ്ട്.

തടസങ്ങൾ ഇനിയും ബാക്കി
ഇന്ത്യയുമായുള്ള വ്യാപാര കരാറിനെച്ചൊല്ലി ന്യൂസിലൻഡിൽ തർക്കം ഉടലെടുത്തിട്ടുണ്ട്. മോശം കരാറാണെന്നാണ് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൻ പീറ്റേഴ്സിന്റെ പ്രതികരണം. ഇന്ത്യക്ക് കൂടുതൽ നേട്ടമുണ്ടാകുമ്പോൾ ന്യൂസിലൻഡിന് കൂടുതലൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷീര ഉൽപന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയതും കുടിയേറ്റ നയം ഉദാരമാക്കിയതും തെറ്റാണെന്നും പീറ്റേഴ്സൺ പറഞ്ഞു. കരാർ പാർലമെന്റിന് മുന്നിലെത്തുമ്പോൾ എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം സൂചന നൽകി. ന്യൂസിലൻഡിലെ നിയമം അനുസരിച്ച് ഉഭയകക്ഷി വ്യാപാര കരാറിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്. ഇന്ത്യയിൽ മന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും.

എന്നാൽ കരാറിന് അംഗീകാരം നേടാനുള്ള പിന്തുണ തനിക്ക് പാർലമെന്റിലുണ്ടെന്നാണ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ പറയുന്നത്.

ഇക്കൊല്ലത്തെ മൂന്നാമത്തേത്
2025ൽ ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ ഉഭയകക്ഷി വ്യാപാര കരാറാണ് ന്യൂസിലൻഡുമായുള്ളത്. കഴിഞ്ഞയാഴ്ച ഒമാനുമായും മേയിൽ യുകെയുമായും വ്യാപാര കരാറിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ജിസിസി രാഷ്ട്രങ്ങൾ, യൂറോപ്യൻ യൂണിയൻ (ഇയു), കാനഡ, ഇസ്രയേൽ, പെറു, ചിലെ തുടങ്ങിയവയുമായി വ്യാപാര ഉടമ്പടിയിലെത്താനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

X
Top