Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ചൈനയുടെ ബദൽ നിക്ഷേപ കേന്ദ്രമാകാൻ ഇന്ത്യ

കൊച്ചി: ചൈനയിലെ റിയൽഎസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും പശ്ചാത്യ രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങളും പശ്ചിമ ഏഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികളും മുതലെടുത്ത് വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.

ആഗോള മേഖലയിൽ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മാനുഫാക്ചറിംഗ് രംഗത്തെ ബദൽ കേന്ദ്രമായി ഉയരാൻ വിദേശ നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ നയങ്ങൾ മാറ്റാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം അമേരിക്കയിലും യൂറോപ്പിലുമുള്ള കമ്പനികൾക്ക് ബദൽ നിക്ഷേപത്തിന് കഴിയുന്ന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.

മാനുഫാക്ചറിംഗ് രംഗത്ത് മികച്ച സാധ്യതയുള്ള നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് തൊഴിൽ, ധന നിയമങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുകയാണ്.

ജനാധിപത്യ ഭരണ സംവിധാനവും മാധ്യമ സ്വാതന്ത്ര്യവും വലിയ ഉപഭോക്തൃ സമൂഹവും ഇന്ത്യയിലേക്ക് വൻതോതിൽ മൂലധന നിക്ഷേപം ഒഴുകിയെത്താൻ സഹായിക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ കൗശിക് ബസു പറയുന്നു.

അടുത്ത മൂന്ന് വർഷങ്ങളിൽ തുടർച്ചയായി ജി.ഡി.പി വളർച്ച എട്ടു ശതമാനത്തിന് മുകളിലെത്തിക്കാൻ കഴിഞ്ഞാൽ ചൈനയെ മറികടന്ന് ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തിയായി മാറുവാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് രാജ്യാന്തര ധനകാര്യ ഏജൻസിയായ ബാർക്ലെയിസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.

ഇതിനിടെ സാമ്പത്തിക മേഖലയിലെ മികച്ച ഉണർവ് കണക്കിലെടുക്കുമ്പോൾ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി 6.4 ശതമാനം വളർച്ച നേടുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) വിലയിരുത്തൽ.

റഷ്യ ഉക്രെയിൻ സംഘർഷം വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് ഏറെ അവസരങ്ങൾ ലഭ്യമാക്കിയതു പോലെ പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗുണകരമാകാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

ചൈനയിലെ പ്രതിസന്ധി മൂലം സപ്ലൈ ശ്യംഖലയിലുണ്ടാവുന്ന വിള്ളലുകൾ പരിഹരിച്ച് ലോകത്തിന് ആവശ്യമായ മാനുഫാക്ചറിംഗ് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഈ രംഗത്ത് വമ്പൻ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് ഇന്ത്യയുടെ ശ്രമം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ലോക വിപണിക്ക് ആവശ്യമായ ലോഹങ്ങളും നിർമ്മാണ സാമഗ്രികളും വ്യാവസായിക ഉത്പന്നങ്ങളും കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവ മുതൽ കളിപ്പാട്ടങ്ങൾ, അലങ്കാര ഇലക്ട്രിക്കൽ സാമഗ്രികൾ വരെ ചൈനയിൽ നിന്നാണ് ആഗോള വിപണിയിൽ എത്തുന്നത്.

എന്നാൽ 2019 മുതൽ കോവിഡ് ഭീഷണി മൂലം സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ചൈനയിൽ നിന്നുള്ള ഉത്പന്ന ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുകയാണ്.

ചൈനയിലുള്ള അധിക ആശ്രയത്വം ആഗോള സാമ്പത്തിക മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ബഹുരാഷ്ട്ര കമ്പനികൾ ഉത്പന്നങ്ങൾ വാങ്ങാൻ പുതിയ സാധ്യതകൾ ആലോചിക്കുകയാണ്.

ചൈനയുടെ ബദലായി വളരാനുള്ള സാധ്യതകളാണ് ഇന്ത്യ ആലോചിക്കുന്നത്. സപ്ലൈ ശ്യംഖല മെച്ചപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ അതി വേഗത്തിലും ചെലവ് കുറച്ചും ആഗോള വിപണിയിൽ എത്തിക്കാൻ കഴിയുന്ന ഒരു ലോജിസ്റ്റിക്ക് നയത്തിന് കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ രൂപം നൽകിയിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികളിലൂടെ മാനുഫാക്ചറിംഗ് മേഖലയിലേക്ക് വൻ തോതിലുള്ള നിക്ഷേപ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.

X
Top