
ബെംഗളൂരു: അമേരിക്കയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുമെട്രോ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ഉത്പാദനം 12 ലക്ഷം കോടി രൂപയിലെത്തിയതായും അറിയിച്ചു.
11 വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ആറ് മടങ്ങ് വര്‍ധനയാണിത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണെന്നും 2014 ല്‍ രണ്ട് മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 300 ല്‍ കൂടുതലായെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി എട്ട് മടങ്ങ് വര്‍ദ്ധിച്ച് 3 ലക്ഷം കോടിയായി. 2014-15ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഫോണുകളില്‍ 26% മാത്രമാണ് പ്രാദേശികമായി നിര്‍മ്മിച്ചത്. ഇന്ന് ആ കണക്ക് 99.2% ആണ്.
ആഗോള സാങ്കേതിക നിര്‍മ്മാണത്തില്‍ ഇന്ത്യ വളരുന്ന ശക്തിയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. നൂതന ഇലക്ട്രോണിക്സ് പ്രാപ്യമാക്കാന്‍ പൗരന്മാര്‍ക്ക് അവസരമൊരുക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ഇലക്ട്രോണിക്സ്, സാങ്കേതികവിദ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും വൈഷ്ണവ് പറഞ്ഞു.






