
സാങ്കേതികവിദ്യാ പരമായ സ്വയംപര്യാപ്ത നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ ആദ്യഘട്ട വിജയം ആഘോഷിക്കപ്പെടുകയാണിപ്പോള്‍. ധ്രൂവ്64 (DHRUV64) എന്ന പേരില്‍ സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്ക്) പുറത്തിറക്കിയ 1.0 ഗിഗാഹെട്‌സ് മൈക്രോപ്രൊസസര്‍ ആണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഇത് ഒരു 64-ബിറ്റ് ഡ്യുവല്‍ പ്രൊസസറാണ്. ഈ നേട്ടം വലിയൊരു കുതിപ്പു തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആദ്യമായി വിജയകരമായി വികസിപ്പിച്ച 1.0 ഗിഗാഹെട്‌സ് മൈക്രോപ്രൊസസര്‍
ധ്രൂവ്64 ആണ് രാജ്യത്ത് ആദ്യമായി വിജയകരമായി വികസിപ്പിച്ച 1.0 ഗിഗാഹെട്‌സ് മൈക്രോപ്രൊസസര്‍. സി-ഡാക്കിന്റെ മൈക്രോപ്രൊസസര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (എംഡിപി) മേല്‍നോട്ടത്തിലാണ് ഇത് വികസിപ്പിച്ചത്.
ധ്രൂവ്64ന് പ്രതിരോധ മേഖലയിലും വാണിജ്യ മേഖലയിലും തന്ത്രപരമായ മികവ് പകരാനായേക്കുമെന്നാണ് കരുതപ്പെടുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച, പല കാര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന മൈക്രോപ്രൊസസര്‍ ആണ് ധ്രൂവ്64 എന്ന് പറയുന്നു.
മോഡേണ്‍ ഫേബ്രിക്കേഷന്‍ ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു
നൂതന ആര്‍ക്കിടെക്ചറല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പണിതെടുത്തതാണ് ധ്രൂവ്64. ഉന്നതമായ കാര്യക്ഷമത നല്‍കും. സാധാരണയായി കണ്ടുവരുന്ന ഇത്തരം പ്രൊസസറുകളെക്കാള്‍ മള്‍ട്ടിടാസ്‌കിങ് ശേഷി കൂടുതലായി ധ്രൂവ്64ന് ഉണ്ടത്രെ.
ഇത് 5ജി ആര്‍ക്കിടെക്ചറുകള്‍, ഓട്ടോമേറ്റിവ് സിസ്റ്റങ്ങള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങി പല മേഖകളിലും ഉപകരിക്കുമെന്നും പറയപ്പെടുന്നു. മോഡേണ്‍ ഫേബ്രിക്കേഷന്‍ ടെക്‌നോളജികളുടെ മികവ് ഉള്‍ക്കൊള്ളിച്ചാണ് ധ്രൂവ്64 വികസിപ്പിച്ചത് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ബഹുവിധ ഉപയോഗ സാധ്യതകള്‍
വൈവിധ്യമാര്‍ന്ന ഒട്ടനവധി എക്‌സ്റ്റേണല്‍ ഹാര്‍ഡ്‌വെയര്‍ സിസ്റ്റങ്ങളുമായി ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ് ധ്രൂവ്64. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളായ സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍, സാറ്റലൈറ്റുകള്‍, പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ‘തലച്ചോറുകളായി’ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സംവിധാനമാണ് മൈക്രോപ്രൊസസറുകള്‍.
ലോകത്തെ 20 ശതമാനം മൈക്രോപ്രൊസസറുകളും ഉപയോഗിക്കുന്നത് ഇന്ത്യ
ലോകത്ത് നിര്‍മ്മിച്ച 20 ശതമാനം മൈക്രോപ്രൊസസറുകളും ഉപയോഗിക്കുന്നത് ഇന്ത്യയാണ്. അതിനാല്‍ തന്നെ ധ്രൂവ്64ന്റെ ജനനം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവവികാസം തന്നെയാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതോടെ വിദേശത്തുനിന്നുള്ള മൈക്രോപ്രൊസസറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനായേക്കും എന്നതാണ് സുപ്രധാനമായ കാര്യം.
മൈക്രോപ്രൊസസര്‍ നിര്‍മ്മാണത്തിന്റെ ഭാവിയെന്ത്?
∙ധ്രൂവ്64 രാജ്യത്ത് അടുത്തിടെ വികസിപ്പിച്ച മൈക്രോപ്രൊസസറുകളുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്നു. മറ്റ് പ്രൊസസറുകള്‍ ഇവയാണ്:
∙ശക്തി (SHAKTI, ഐഐടി മദ്രാസ്, 2018) സ്‌പേസ്, തന്ത്രപരമായ ഉപയോഗം, പ്രതിരോധ മേഖല എന്നിവയ്ക്ക് ഗുണകരം
∙അജിത് (AJIT, 2018, ഐഐടി ബോംബേ). വ്യാവസായിക ആവശ്യങ്ങള്‍, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകള്‍ക്ക് ഉചിതം
∙വിക്രം (VIKRAM, 2025, ഇസ്രോ-എസ്‌സിഎല്‍. ബഹിരാകാശത്തെ കഠിന പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശം
∙തേജസ്64 (THEJAS64, 2025, സി-ഡാക്ക്) വ്യാവസായിക ഓട്ടോമേഷന്‍
അടുത്ത തലമുറ RISC-V പ്രൊസസറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സി-ഡാക്ക് ആരംഭിച്ചുകഴിഞ്ഞു. ഈ വിഭാഗത്തില്‍ പെടുന്ന ധനുഷ്, ധനുഷ്പ്ലസ് (Dhanush+ ) സിസ്റ്റം-ഓണ്‍-ചിപ്‌സ് ( SoCs) പുറത്തിറക്കുന്നതോടെ രാജ്യത്ത് വാണിജ്യ മേഖലയിലും തന്ത്രപരമായ കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ചിപ്പുകളുടെ വൈവിധ്യം വീണ്ടും വര്‍ദ്ധിക്കും.
രാജ്യത്തിന്റെ പ്രതിരോധ, വാണിജ്യ മേഖലകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുന്ന വാര്‍ത്തയാണ് ധ്രൂവ്64 പുറത്തിറക്കുക വഴി ലഭിച്ചിരിക്കുന്നത്. അതിപ്രധാനമായ നീക്കങ്ങളും മറ്റും നടത്തുമ്പോഴും, മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരിക എന്ന പ്രശ്‌നം ഒഴിവാക്കാമെന്നതാണ് ധ്രൂവ്64ന്റെ പ്രാധാന്യമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിലേറെ, സി-ഡാക്കിന്റെ ഈ നേട്ടം പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് നയിച്ചേക്കുമെന്നതും ഇന്ത്യയുടെ ടെക്‌നോളജി മേഖലയ്ക്ക് ഊര്‍ജ്ജവും പ്രതീക്ഷയും പകരുന്നു.






