
ന്യൂഡല്‍ഹി: 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ജിഡിപിയുടെ 0.2 ശതമാനം അഥവാ 2.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 0.9 ശതമാനമായിരുന്ന (8.6 ബില്യണ്‍ ഡോളര്‍) സ്ഥാനത്താണിത്.
സേവനകയറ്റുമതിയിലെ പുരോഗതിയും മികച്ച റെമിറ്റന്സുമാണ് കമ്മി കുറയ്ക്കാന്‍ സഹായിച്ചത്. സേവന കയറ്റുമതി സര്‍പ്ലസ് 47.9 ബില്യണ്‍ ഡോളറായും വിദേശ ഇന്ത്യക്കാര്‍ അയച്ച തുക (റെമിറ്റന്‍സ്) 33.2 ബില്യണ്‍ ഡോളറായും നിക്ഷേപ വരുമാനമുള്പ്പടെയുള്ള പെയ്മെന്റുകള്‍ 12.8 ബില്യണായും വര്‍ദ്ധിച്ചപ്പോള്‍ ചരക്ക് വ്യാപാരകമ്മി 68.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
സാമ്പത്തിക അക്കൗണ്ട് സര്‍പ്ലസാണ് രേഖപ്പെടുത്തിയത്. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നേരിയ തോതില്‍ കുറഞ്ഞ് 5.7 ബില്യണ്‍ ഡോളറായപ്പോള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 1.6 ബില്യണ്‍ ഡോളറും എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിംഗ്സ് (ഇസിബി) 3.7 ബില്യണ്‍ ഡോളറും എന്‍ആര്‍ഐ നിക്ഷേപം 3.6 ബില്യണ്‍ ഡോളറുമായി.
നെറ്റ് കാപിറ്റല്‍ അക്കൗണ്ട് സര്‍പ്ലസ് 0.1 ബില്യണ്‍ ഡോളറാണ്. 2.4 ബില്യണ്‍ ഡോളറിന്റെ മിതമായ കറന്റ് അക്കൗണ്ട് കമ്മി, മൂലധന ഒഴുക്ക് നികത്തിയതിനാല്‍, 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ പേയ്മെന്റ് ബാലന്‍സ് മിച്ചമായി.
നടപ്പ്്കലണ്ടര് വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യം 13.5 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 1.3 ശതമാനം കറന്റ് അക്കൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തിയിരുന്നു.






