ന്യൂഡല്‍ഹി: 4,594 കോടി രൂപയുടെ നാല് പുതിയ സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഈ പദ്ധതികള്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുക, ചിപ്പ് ഇറക്കുമതി കുറയ്ക്കുക എന്നിവ ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ (ഐഎസ്എം) കീഴിലാണ് പദ്ധതികള്‍.
ആധുനിക ഇലക്ട്രോണിക്‌സിന് അത്യന്താപേക്ഷിതമായ കോമ്പൗണ്ട് സെമികണ്ടക്ടറുകളിലും നൂതന പാക്കേജിംഗ് സാങ്കേതികവിദ്യകളിലും പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സെമികണ്ടക്ടറുകള്‍ ‘അടിസ്ഥാന വ്യവസായമാ’ ണെന്നും അവയില്ലാതെ ഒരു രാജ്യവും വികസിക്കില്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
സിക്സെം, സിഡിഐഎല്‍, 3ഡി ഗ്ലാസ് സൊല്യൂഷന്‍സ് ഇന്‍കോര്‍പ്പറേറ്റഡ്, എഎസ്ഐപി ടെക്‌നോളജീസ് എന്നിവയുടെ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം ലഭ്യമായത്. സിക്‌സെം, ത്രീഡി ഗ്ലാസ് സൊല്യൂഷന്‍സ് എന്നിവ ഒഡീഷയിലെ ഭുവനേശ്വറില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ എസ്‌ഐപി ടെക്കിന്റെ യൂണിറ്റ് ആന്ധ്രപ്രദേശിലും സിഡിഐഎല്ലിന്റേത് പഞ്ചാബിലെ മൊഹാലിയിലുമാണ്.
സിക്‌സെം യുകെ ആസ്ഥാനമായ ക്ലാസ് സിക് വാഫര്‍ ഫെബുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ കൊമേഴ്‌സ്യല്‍ സെമികണ്ടക്ടര്‍ ഫാബാണ് സ്ഥാപിക്കുക. പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങള്‍, റെയില്‍വേ, സൗരോര്‍ജ്ജ സംവിധാനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന സിലിക്കണ്‍ കാര്‍ബൈഡ് ഉപകരണങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യം.
ത്രീഡി ഗ്ലാസ് സൊല്യൂഷന്റെ ഉത്പന്നങ്ങള്‍ കമ്പ്യൂട്ടിംഗ്, എഐ, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുമ്പോള്‍ ദക്ഷിണ കൊറിയയിലെ അപാക്ടുമായി ചേര്‍ന്ന് എഎസ്‌ഐപി സ്ഥാപിക്കുന്ന യൂണിറ്റ് മൊബൈല്‍ ഫോണ്‍സെറ്റ് ടോപ് ബോക്‌സ്, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഉപകരണങ്ങളും സിഡിഐഎല്ലിന്റെ മൊഹാലി യൂണിറ്റ് കരുത്തുറ്റ സെമികണ്ടക്ടര്‍ ഉപകരണങ്ങളുമാണ് നിര്‍മ്മിക്കും.
ഈ പദ്ധതികള്‍ 2000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി നേരിട്ടല്ലാത്ത തൊഴിലുകളും സൃഷ്ടിക്കും. മൊത്തം 10 സെമി കണ്ടക്ടര്‍ പ്രൊജക്ടുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിരിക്കുന്നത്. 1.6 ലക്ഷം കോടി രൂപയാണ് മൊത്തം നിക്ഷേപം.






