Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഇന്‍ഡ്-റാ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിഗമനം ഇന്ത്യാ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് (ഇന്‍ഡ്-റാ ഉയര്‍ത്തി. 6.2 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായാണ് നിഗമനം പുതുക്കിയത്.

സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ, സര്‍ക്കാരിന്‍റെ പുതിയ മൂലധന ചെലവിടല്‍, പുതിയ സ്വകാര്യ കോർപ്പറേറ്റ് ചെലവിടല്‍ എന്നിവയെല്ലാമാണ് വളര്‍ച്ചാ നിഗമനം ഉയര്‍ത്താനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ആഗോള വളർച്ചയും വ്യാപാരവും ദുർബലമായി തുടരുന്നതും അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളിയായി ചൂണ്ടിക്കാണിക്കുന്നു.

ആദ്യ രണ്ട് പാദങ്ങളില്‍ യഥാക്രമം 7.8 ശതമാനവും 7.6 ശതമാനവും ആയിരുന്നു ജിഡിപി വളര്‍ച്ചയെങ്കില്‍ അടുത്ത രണ്ട് പാദങ്ങളില്‍ അത് കുറയും. ശേഷിക്കുന്ന രണ്ട് പാദങ്ങളിൽ ജിഡിപി വളർച്ചയിൽ തുടർച്ചയായ മാന്ദ്യം ഉണ്ടാകുമെന്നാണ് ആര്‍ബിഐ-യുടെയും നിഗമനം.

2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ച നേടി.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) താഴ്ന്ന വരുമാന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ യഥാർത്ഥ വേതന വളർച്ച നേരിയ തോതിൽ നെഗറ്റീവ് ആണെന്ന് ഇന്‍ഡ്-റാ ഡാറ്റ കാണിക്കുന്നു.

മറുവശത്ത്, ഉയർന്ന വരുമാന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ യഥാർത്ഥ വേതന വളർച്ച രണ്ടാം പാദത്തിൽ 6.4 ശതമാനം വർധിച്ചു.

തൽഫലമായി, ഉയർന്ന വരുമാന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗ ആവശ്യം വര്‍ധിക്കുന്നുണ്ട്.

ഉപഭോഗ ആവശ്യകതയിലെ സുസ്ഥിരവും വിശാലവുമായ വീണ്ടെടുക്കലിന് താഴ്ന്ന വരുമാനക്കാര്‍ക്ക് സ്ഥിരമായ യഥാർത്ഥ വേതന വളർച്ച അനിവാര്യമാണെന്ന് ഇൻഡ്-റാ വിലയിരുത്തുന്നു.

2023-24ല്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.3 ശതമാനവും മൊത്തവില പണപ്പെരുപ്പം 0.6 ശതമാനവും ആകുമെന്നാണ് റേറ്റിംഗ് ഏജന്‍സി കണക്കാക്കുന്നത്.

പണപ്പെരുപ്പം ഏകദേശം 4 ശതമാനത്തിന് അടുത്ത് സ്ഥിരത കൈവരിക്കുന്നില്ലെങ്കിൽ, ആർബിഐ പലിശനിരക്ക് കുറയ്ക്കാനിടയില്ലെന്നും ഇന്‍ഡ്-റാ വിലയിരുത്തുന്നു.

X
Top