
മുംബൈ: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ഇന്‍ക്രെഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാതൃ കമ്പനി ഇന്‍ക്രെഡ് ഹോള്‍ഡിംഗ്‌സ് ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്) രഹസ്യ കരട് രേഖകള്‍ സമര്‍പ്പിച്ചു.
4000-5000 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഐപിഒയ്ക്ക് മുന്നോടിയായുള്ള 300 കോടി രൂപയും ഉള്‍പ്പെടും. ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതായിരിക്കും പബ്ലിക് ഇഷ്യു. 2016 ല്‍ മുംബൈ അസ്ഥാനമായി ബുപീന്ദര്‍ സിംഗ് സ്ഥാപിച്ച ഇന്‍ക്രെഡ് ഗ്രൂപ്പില്‍ പ്രമുഖ നിക്ഷേപകരായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ടിആര്‍എസ്, കെകെആര്‍,ഓക്‌സ്, എലവര്‍ ഇക്വിറ്റി, മൂറെ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവയ്ക്ക് പങ്കാളിത്തമുണ്ട്.
ഇന്‍ക്രെഡ് ഫൈനാന്‍സ്, ഇന്‍ക്രെഡ് കാപിറ്റല്‍, ഇന്‍ക്രെഡ് മണി എന്നിവ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്. 2022ല്‍ കെകെആര്‍ ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ലയിച്ച്, ഇന്‍ക്രെഡ് ഫിനാന്‍സ് ബ്രാന്‍ഡിന് കീഴില്‍ ഒരു സംയുക്ത സ്ഥാപനം സൃഷ്ടിച്ച ഇന്‍ക്രെഡ് ഫിനാന്‍സ്, 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 372.2 കോടി രൂപയുടെ സ്റ്റാന്‍ഡലോണ്‍ ലാഭവും 1,872 കോടി രൂപയുടെ വരുമാനവും നേടി.
വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 18.2 ശതമാനവും 47.5 ശതമാനവും വളര്‍ച്ചയാണിത്.






