
കൊച്ചി: കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ ജനുവരി രണ്ടാം വാരം വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം 8.82 ശതമാനം ഉയർന്ന് 18.38 ലക്ഷം കോടി രൂപയായി. അറ്റ കോർപ്പറേറ്റ് നികുതി വരുമാനം 8.63 ലക്ഷം കോടി രൂപയാണ്.
അതിസമ്പന്നരും വ്യക്തിഗത നികുതിദായകരും അടങ്ങുന്ന കോർപ്പറേറ്റ് ഇതര മേഖലയില്‍ നിന്നുള്ള വരുമാനം 9.30 ലക്ഷം കോടി രൂപയിലെത്തി. സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ വരുമാനം 44,867 കോടി രൂപയാണ്.
റീഫണ്ടുകള്‍ 17 ശതമാനം കുറഞ്ഞ് 3.12 ലക്ഷം കോടി രൂപയായെന്നും ആദായ നികുതി വകുപ്പ് ഇന്നലെ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനമായി 25.20 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.






