
ന്യൂഡല്‍ഹി: കര്‍ശനമായ തട്ടിപ്പ് കണ്ടെത്തല്‍ നടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന്, ഈ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ആദായനികുതി റീഫണ്ട് തുക ഗണ്യമായി കുറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പുറത്തുവിട്ട ഡാറ്റ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റീഫണ്ടുകള്‍ 16 ശതമാനമാണ് ഇടിഞ്ഞത്. ക്ലെയ്മുകളുടെ എണ്ണം കുറഞ്ഞതിനാലല്ല, മറിച്ച് വഞ്ചന തടയുന്നതിനായി സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയതാണ് കാരണം.
ഇതിനായി സിബിഡിടി അതിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്ററില്‍ (CPC) പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കുകയായിരുന്നു.സംശയാസ്പദമായ ക്ലെയിമുകള്‍ തിരിച്ചറിയുന്നതിനും അവലോകനത്തിനായി അവ മാറ്റുന്നതിനും ഈ സംവിധാനങ്ങള്‍ റിസ്‌ക്-അസസ്‌മെന്റ് ടൂളുകള്‍ ഉപയോഗപ്പെടുത്തി.ഉദാഹരണത്തിന്, വലിയ വലിയ ക്ലെയ്മുകളും വരുമാനവും പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കി.അങ്ങനെയല്ലെങ്കില്‍, ക്ലെയിം പരിശോധിക്കുന്നതുവരെ റീഫണ്ട് വൈകും. ഈ പരിശോധനകള്‍ ആരംഭിക്കുന്നതിനുള്ള പരിധി, നികുതിദായകരുടെ തരത്തെ ആശ്രയിച്ചിരിക്കും – ഉദാഹരണത്തിന്, വ്യക്തികള്‍, കമ്പനികള്‍ അല്ലെങ്കില്‍ ട്രസ്റ്റുകള്‍.
ഇതിന്റെ ഫലമായി, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നല്‍കിയ മൊത്തം റീഫണ്ട് തുക 62359 കോടി രൂപയായി ചുരുങ്ങി. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 1.2 ലക്ഷം കോടി രൂപയായിരുന്നു. അറ്റ നികുതി വരുമാനം 6.3 ശതമാനം ഉയര്‍ന്ന് 11.9 ലക്ഷം കോടി രൂപയിലെത്തി. റീഫണ്ടുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള എല്ലാ നികുതികളും ഉള്‍പ്പെടുന്ന മൊത്ത പിരിവുകള്‍ 2.4% മാത്രമേ വര്‍ദ്ധിച്ചുള്ളൂ.
അര്‍ഹതയില്ലാത്ത റീഫണ്ടുകള്‍ തടയുക എന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍.വലിയ റീഫണ്ടുകള്‍ ലഭിക്കുന്നതിന് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് കഴിഞ്ഞകാലങ്ങളില്‍ പതിവായിരുന്നു. പുതിയ സംവിധാനം അത്തരം ക്ലെയ്മുകള്‍ കുറയ്ക്കും. മാത്രമല്ല, നികുതിധായകരുടെ വിശ്വാസം ആര്‍ജ്ജിക്കാനും ഇതുവഴിയാകും.