
2021-22 സാമ്പത്തിക വർഷത്തിൽ ക്രിപ്‌റ്റോ ഇടപാടുകൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് സെക്ഷൻ 148A പ്രകാരം നോട്ടീസ് അയച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ. ബാങ്കുകളിൽ നിന്നും എക്സ്ചേഞ്ചുകളിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.
വാസിർ എക്സ് (Wazir X), കോയിൻ സ്വിച്ച് (Coin Switch) പോലെയുള്ള ഇന്ത്യൻ ക്രിപ്റ്റോ പ്ലാറ്റ്‌ഫോമുകളിലോ, ബൈനാൻസ് (Binance) പോലുള്ള ആഗോള ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലോ 2021-22 കാലയളവിൽ ക്രിപ്‌റ്റോ വാങ്ങുകയോ വിൽക്കുകയോ ചെയ്തവർക്ക് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വലിയ ലാഭം നേടിയവർക്ക് മാത്രമല്ല, ചെറിയ തുകയ്ക്ക് ഇടപാട് നടത്തിയവർക്കും നോട്ടീസ് ലഭിക്കുന്നുണ്ട്. ലാഭത്തേക്കാളുപരി ആകെ വിറ്റുവരവ് (Total Turnover) ആണ് നികുതി വകുപ്പ് പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്താണ് സെക്ഷൻ 148A നോട്ടീസ്?
നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പിന് സംശയമുണ്ടെന്നും അതിന് വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെടുന്ന ഒരു Show-cause നോട്ടീസാണ് സെക്ഷൻ 148A നോട്ടിസ് എന്നത്. സാധാരണയായി 7 മുതൽ 30 ദിവസത്തിനുള്ളിൽ ഇതിന് മറുപടി നൽകേണ്ടതാണ്.
പാൻ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് ഇടപാടുകൾ, ക്രിപ്‌റ്റോ എക്സ്ചേഞ്ചുകളിൽ നൽകിയ കെവൈസി (KYC) വിവരങ്ങൾ എന്നിവ വഴിയാണ് നികുതി വകുപ്പ് ഇടപാടുകൾ കണ്ടെത്തി നോട്ടീസ് അയയ്ക്കുന്നത്.
എന്തുകൊണ്ട് 2021-22 വർഷം?
2022 ഏപ്രിൽ ഒന്നിന് ശേഷമാണ് ഇന്ത്യയിൽ ക്രിപ്‌റ്റോ വ്യാപാരങ്ങളിലെ ലാഭത്തിന് 30% നികുതി എന്ന നിയമം നിലവിൽ വന്നത്. ഇതിന് മുൻപുള്ള വർഷങ്ങളിൽ, വ്യക്തമായ നിയമം ഇല്ലാത്തത് അടക്കമുള്ള കാരണങ്ങളാൽ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ലാഭം പലരും കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇത്തരത്തിൽ വിട്ടുപോയ കണക്കുകൾ കണ്ടെത്താനാണ് ഇപ്പോൾ ആദായനികുതി വകുപ്പ് ശ്രമിക്കുന്നതെന്നാണ് വിവരം.
നോട്ടീസ് ലഭിച്ചാൽ ചെയ്യേണ്ടതെന്ത്?
നിങ്ങൾക്ക് ഇത്തരത്തിൽ ക്രിപ്റ്റോ വ്യാപാരവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയാണെങ്കിൽ കൃത്യമായ രേഖകൾ സഹിതം മറുപടി നൽകാൻ ശ്രദ്ധിക്കുക. മറുപടി തൃപ്തികരമല്ലെങ്കിൽ പിഴയും പലിശയും ഉൾപ്പെടെ വലിയ തുക നികുതിയായി അടയ്‌ക്കേണ്ടി വന്നേക്കാം. അതേ സമയം കൃത്യമായ കണക്കുകൾ നൽകിയാൽ നടപടികൾ നേരിടേണ്ടി വരാൻ സാധ്യതയില്ലെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.
പൊതുവെ ക്രിപ്റ്റോ വരുമാനം റിപ്പോർട്ട് ചെയ്യാത്ത, റിട്ടേൺ ഫയൽ ചെയ്യാത്ത, പല എക്സ്ചേഞ്ചുകളിലെ/വാലറ്റുകളിലെ വിനിമയങ്ങൾ കാരണം ട്രാൻസാക്ഷനുകൾ അപൂർണമായ കേസുകളിലാണ് കൂടുതലായും നോട്ടീസുകൾ അയയ്ക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.






