
കോഴിക്കോട്: റിവേഴ്സ് ഹവാലവഴി 2,727 കോടി രൂപ വിദേശത്തേക്ക് അയച്ച സംഭവത്തില്‍ അഞ്ചു സ്വകാര്യബാങ്കുകള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കി. കഴിഞ്ഞ അഞ്ചുവർഷത്തെ ഇത്തരം ഇടപാടുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ രേഖാമൂലം നല്‍കാനാണ് റിവേഴ്സ് ഹവാല കണ്ടെത്തിയ ആദായനികുതി ഇന്റലിജൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്ടെ ഐബിക്സ് ഹോളിഡെയ്സ് എല്‍എല്‍പി, എക്സ്-ഫോറെക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ചില സ്വകാര്യബാങ്കുകളുടെ സഹായത്തോടെ ‘റിവേഴ്സ് ഹവാല’ രീതിയില്‍ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അയച്ചതായി കണ്ടെത്തിയത്.
ഈ ബാങ്കുകളോട് 2021-2025 കാലയളവിലെ എൻആർഐ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും (റിപ്പട്രിയേഷൻ ട്രാൻസാക്ഷൻ) റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.
കേരളത്തില്‍മാത്രം ഇരുനൂറിലധികം റഫറല്‍ ഏജന്റുമാർ ഇത്തരം ഇടപാടുകളില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സമാന കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടെന്നുമുള്ള വിവരവും ലഭിച്ചിട്ടുണ്ട്.
2025 മേയ് 23-ന് ആരംഭിച്ച അന്വേഷണത്തില്‍ കേരളത്തിലെ ഐബിക്സ് ഹോളിഡെയ്സ് എല്‍എല്‍പി (കോഴിക്കോട്), എക്സ്-ഫോറക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഉള്‍പ്പെട്ട കൂട്ടായ്മ വിദേശത്തേക്ക് ഫണ്ട് അനധികൃതമായി കൈമാറുന്നത് കണ്ടെത്തി.
2024-25-ല്‍മാത്രം 552 കോടി രൂപ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. കേരളത്തില്‍ 45 റഫറല്‍ ഏജന്റുമാർ ഇത്തരം 65,000-ത്തോളം ഇടപാടുകള്‍ നടത്തി. ചില ടൂർ ഓപ്പറേറ്റർമാർ യാത്രാരേഖകളായി ഹാജരാക്കിയതില്‍ എണ്‍പതുശതമാനവും വ്യാജമാണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.