
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ പേരെ നിര്‍ബന്ധിതരാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കയാണ് ആദായ നികുതി വകുപ്പ്. 2022 ഏപ്രില്‍ 22ന് കൊണ്ടു വന്ന പുതിയ നിബന്ധനകള്‍ ചുവടെ.
ബിസിനസ് വിറ്റുവരവ് / പ്രൊഫഷണലുകളുടെ വരുമാനം
സാമ്പത്തിക വര്‍ഷത്തിലെ ആകെ വില്പന, വിറ്റുവരവ് എന്നിവ 60 ലക്ഷത്തില്‍ കവിഞ്ഞാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ബിസിനസ് ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നത് വിഷയമല്ല. സമാനമായി, ഒരു പ്രൊഫഷണലിന്റെ ഒരു സാമ്പത്തിക വര്‍ഷത്തിലെ മൊത്ത വരുമാനം10 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അയാള്‍/ അവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രൊഷണലുകള്‍ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എഞ്ചിനീയറിംഗ്, നിയമം ഐടി, അക്കൗണ്ടിംഗ് ഇന്റീരിയര്‍ ഡക്കറേറ്റര്‍, മെഡിക്കല്‍, സിനിമ, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി പ്രൊഷണലുകളേയാണ്.
സ്രോതസില്‍ നിന്നുള്ള നികുതി/ സേവിംഗ്‌സ് അക്കൗണ്ട്
ശമ്പളം, കരാര്‍ ഫീസ്, കമ്മീഷനുകള്‍, ഡിവിഡന്റ്, സേവന നിരക്കുകള്‍, സ്ഥാവര വസ്തുക്കളുടെ വില്‍പ്പന, വാടക, പലിശ വരുമാനം തുടങ്ങിയവയ്ക്ക് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നു. ടിഡിഎസ് നിരക്ക് 1 ശതമാനം മുതല്‍ 30 ശതമാനം വരെയാകാം. സ്രോതസ്സില്‍ നിന്നുള്ള നികുതി ഇനത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25,000 രൂപ നല്‍കിയവരാണോ? എങ്കില്‍ നിങ്ങള്‍ ആദായ നികുതി പരിധിയില്‍ വരും. 60 വയസിനുമുകളിലുള്ളവര്‍ക്കുള്ള പരിധി 50,000 രൂപയാണ്. സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപം 50 ലക്ഷം രൂപയില്‍ കൂടിയാലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം.
നിലവിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 6-7% മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. കൂടൂതല്‍ പേരെ നികുതി ഒടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ നിയമങ്ങള്‍. നിലവിലെ ചട്ടങ്ങള്‍ പ്രകാരം കറന്റ് അക്കൗണ്ടില്‍ 1കോടി രൂപയോ അതിലധികമോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. വിദേശ യാത്രയ്ക്കായി വര്‍ഷത്തില്‍ 2 ലക്ഷത്തിലധികം രൂപ ചെലവാക്കിയവര്‍, വൈദ്യുത ബില്ലിനത്തില്‍ വര്‍ഷത്തില്‍ 1 കോടി രൂപ അടച്ചവര്‍ തുടങ്ങിയവരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്.