
ഡിജിറ്റല് തട്ടിപ്പുകള് തടയുന്നതിനും അത്തരം പ്രശ്നങ്ങള്ക്ക് വേഗത്തില് പരിഹാരം കാണുന്നതിനും എല്ലാ ബാങ്കുകള്ക്കും തത്സമയം വിവരങ്ങള് നല്കുന്ന സംവിധാനം വരുന്നു. തട്ടിപ്പുകാരുടെ വിവരങ്ങള് പൊതുവായി കൈമാറുന്നതിനും കൂടുതല് ഇടപാടുകള് തടയുന്നതിനും ഇതുവഴി കഴിയും.
ഇതിനായി തയ്യാറാക്കുന്ന ഡിജിറ്റല് പ്ലാറ്റ്ഫോമിനെക്കുറിച്ച് റിസര്വ് ബാങ്കുമായി ചര്ച്ചകള് തുടങ്ങിക്കഴിഞ്ഞു. തട്ടിപ്പ് അറിഞ്ഞാലുടനെ ഒരു അക്കൗണ്ടില് നിന്ന് ഒന്നിലധികം അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നത് തടയാനും തട്ടിപ്പ് തിരിച്ചറിയാനും കഴിയും.
വിവിധ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമായി തുറന്നിട്ടുള്ള ഒന്നിലധികം അക്കൗണ്ടുകളിലേക്കാണ് ഇത്തരം തട്ടിപ്പുകളില് പണം കൈമാറുന്നത്. ചില സമയങ്ങളില് ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. കാലതാമസവും ഉണ്ടാകുന്നു. പുതിയ സംവിധാനം ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തല്.
ആര്ബിഐയുടെ ഓണ്ലൈന് തര്ക്ക പരിഹാര(ഒഡിആര്)സംവിധാനവും നാഷണല് പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഏകൃകൃത പ്രശ്ന പരിഹാര(യുഡിആര്) സംവിധാനവും യോജിച്ച് പ്രവര്ത്തിക്കുന്നതിനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ സാമ്പത്തിക വര്ഷം പൊതുമേഖല ബാങ്കുകള് വഴി 21,125 കോടി രൂപയുടെയും സ്വകാര്യ ബാങ്കുകള് വഴി 8,727 കോടി രൂപയുടെയും തട്ടിപ്പുകേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.
ഒരു ലക്ഷം രൂപയോ അതില് കൂടുതലോ ഉള്ള തട്ടിപ്പ് കേസുകളാണ് ഇത്തരത്തില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ബാങ്കുകള് ചേര്ന്നുള്ള സംവിധാനമായതിനാല് അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നം വേഗത്തില് പരിഹരിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ. തട്ടിപ്പ് തുക തിരികെയെടുത്ത് നല്കുന്നതിന് പിന്തുടരേണ്ട വ്യവസ്ഥകള്ക്കും ഇതോടൊപ്പം രൂപം നല്കും.