
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.6 ശതമാനമാക്കിയിരിക്കയാണ് ഐഎംഎഫ് (അന്തര്‍ദ്ദേശീയ നാണ്യ നിധി). 6.4 ശതമാനമായിരുന്നു ആദ്യ അനുമാനം.
മികച്ച ഒന്നാംപാദ പ്രകടനവും യുഎസ് തീരുവയുടെ പശ്ചാത്തലത്തിലും ദൃശ്യമാകുന്ന ഉപഭോക്തൃ ഡിമാന്റ്, നിക്ഷേപം, ഉത്പാദനം എന്നിവയുമാണ് വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഐഎംഎഫിനെ നിര്‍ബന്ധിതമാക്കിയത്.
ഒന്നാംപാദത്തില്‍ 7.8 ശതമാനത്തിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടാന്‍ ഇന്ത്യയ്ക്കായിരുന്നു. രണ്ടാംപാദത്തിലും 7 ശതമാനം വളര്‍ച്ചാ സാധ്യതയാണ് പ്രകടമാകുന്നത്. മികച്ച ആഭ്യന്തര ഡിമാന്റ്, സമ്പന്നമായ സേവന കയറ്റുമതി, തുടക്കത്തിലെ മികച്ച പ്രകടനം തുടരുന്നത് എന്നിവയാണ് വളര്‍ച്ച നിലനിര്‍ത്തുക,
രാജ്യത്തിന്റെ പണപ്പെരുപ്പം 2026 സാമ്പത്തികവര്‍ഷത്തില്‍ 2.8 ശതമാനത്തിലൊതുങ്ങുമെന്നും അന്തര്‍ദ്ദേശീയ നാണ്യ നിധി പറഞ്ഞു. ഏപ്രിലില്‍ 4.2 ശതമാനം കണക്കാക്കിയ സ്ഥാനത്താണിത്. അതേസമയം 2027 ല്‍ 4..4 ശതമാനം പണപ്പെരുപ്പമാണ് അവര്‍ കണക്കാക്കുന്നത്.
ഐഎംഎഫിന് പുറമെ ലോകബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിട്ടുണ്ട്. യഥാക്രമം 6.3 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായും 6.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായുമാണ് വളര്‍ച്ചാ നിരക്ക് പുന: സ്ഥാപിച്ചത്.