
മുംബൈ: ഐക്കിയോ ലൈറ്റിംഗ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ജൂണ്‍ 6 ന് ആരംഭിക്കും. ജൂണ്‍ 8 വരെ നീളുന്ന ഓഫറിന്റെ ഇഷ്യുവില 270-285 രൂപയാണ്. ആങ്കര്‍ ബുക്ക് ജൂണ്‍ 5 ന് തുറക്കും.
606.5 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 350 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 256.5 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നു. പ്രമോട്ടര്‍മാരായ ഹര്‍ദ്ദീപ് സിംഗും സുര്‍മീത് കൗറുമാണ് ഒഎഫ്എസ് വഴി തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നത്.
ഇരുവരും ചേര്‍ന്ന് 90 ലക്ഷം ഓഹരികള്‍ വില്‍പന നടത്തും. 52 ഓഹരികളുടെ ലോട്ടിനായി നിക്ഷേപകര്‍ക്ക് ബിഡ് സമര്‍പ്പിക്കാം. ബിഡുകളുടെ പരിധി ചെറുകിട നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 14820 രൂപയും കൂടിയത്, 13 ലോട്ടുകള്‍ക്കായി 192660 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്.
ഓഫറിന്റെ പകുതി യോഗ്യതയുള്ള നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്നു. 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമാണ്.ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 50 കോടി രൂപ കടങ്ങള്‍ തീര്‍ക്കാനും 236.68 കോടി രൂപ നോയ്ഡയില്‍ പുതിയ സൗകര്യങ്ങള്‍ തീര്‍ക്കാനും ഉപയോഗിക്കും.
വിവിധ തരത്തിലുള്ള എല്‍ഇഡി ലൈറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഐക്കിയോ. ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുകയും രൂപകല്‍പ്പന നടത്തുകയും ഉത്പാദിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നു. ഉത്തര്‍ഖണ്ഡ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി 4 നിര്‍മ്മാണ യൂണിറ്റുകളുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 55.47 ശതമാനം ഉയര്‍ത്തി 331.84 രൂപയാക്കാന്‍ കമ്പനിയ്ക്കായി. നികുതി കഴിച്ചുള്ള വരുമാനം 75.37 ശതമാനം ഉയര്‍ന്ന് 50.52 കോടി രൂപ. മോതിലാല്‍ ഓസ്വാളാണ് റണ്ണിംഗ് ലിഡ് മാനേജര്‍.






