Alt Image
ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരംചെറുകിട സംരംഭങ്ങൾക്ക് വായ്പാ പരിധി ഉയർത്തിഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഇനി പുതിയ ഉയരങ്ങളിലെത്തുംറഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നുവാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു

ഐഡിബിഐ ബാങ്ക് സ്വകാര്യവൽകരണം അവസാന ഘട്ടത്തിലേക്ക്

മുംബൈ: ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവൽക്കരണം അവസാന ഘട്ടത്തിലേക്ക്. ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മൂന്ന് സ്ഥാപനങ്ങൾ താൽപര്യ പത്രം നൽകി.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് എന്നിവയാണ് ഏറ്റെടുക്കലിന് രംഗത്തുള്ളത്. ഇവർ സമർപിച്ച താൽപര്യ പത്രം പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കുമെന്ന് ഡിപാർട്മെന്‍റ് ഓഫ് ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‍മെന്‍റ് പറഞ്ഞു. 2019ലാണ് കടക്കെണിയിലായ ഐഡിബിഐ ബാങ്കിനെ എൽഐസിയും സർക്കാരും ചേർന്ന് ഏറ്റെടുക്കുന്നത്.

സ്വകാര്യ ബാങ്കായി പരിഗണിക്കപ്പെടുന്ന ഐഡിബിഐയിൽ നിലവിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനം ഓഹരിയാണുള്ളത്. നിയന്ത്രണ അധികാരമുള്ള എൽഐസിയ്ക്ക് 49.24 ശതമാനവും. കേന്ദ്രവും എൽഐസിയും ചേർന്ന് 60.72 ശതമാനം ഓഹരി വിൽക്കാനാണ് ശ്രമിക്കുന്നത്. ഇതിൽ 30.48 ശതമാനം കേന്ദ്രത്തിന്‍റെയും 30.24 ശതമാനം എൽഐസിയുടേതുമാണ്.

നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്ര ശ്രമങ്ങളുടെ ഭാഗമായാണ് വിൽപന. ഇതിലൂടെ സർക്കാരിന് 35,000 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. എൽഐസിയ്ക്കും സമാനമായ തുക ലഭിക്കും. നിലവിലെ ഓഹരി വില അനുസരിച്ച് 1.14 ലക്ഷം കോടി രൂപയാണ് ഐഡിബിഐ ബാങ്കിന്‍റെ വിപണി മൂല്യം.

സാധ്യത ഇങ്ങനെ
കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്‍റെ പ്രൊമോട്ടർമാരായ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്, ഉദയ് കൊട്ടക്കിന്‍റെ കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവർക്കാണ് ഇടപാടിൽ പ്രാമുഖ്യം. തുടക്കത്തിൽ മുന്നിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷം ആർബിഎൽ ബാങ്കിന്‍റെ ഓഹരി ഏറ്റെടുത്തതിനാൽ എമിറേറ്റ്സ് എൻബിഡിക്ക് വലിയ സാധ്യത കൽപ്പിക്കുന്നില്ല.

ഇവർ നൽകിയ ബിഡുകൾ പരിശോധിക്കുകയാണ് അടുത്ത ഘട്ടം. സർക്കാരിന്‍റെ സ്വകാര്യ വൽക്കരണ ചട്ടങ്ങൾ അനുസരിച്ച് മന്ത്രിതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ഉയർന്ന തുക സമർപ്പിച്ച കമ്പനിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ ഐഡിബിഐയെ ഏറ്റെടുക്കാൻ അനുമതി ലഭിക്കും.

2022ലാണ് ഐഡിബിഐ സ്വകാര്യവൽകരണ ശ്രമങ്ങൾ സർക്കാർ ആരംഭിച്ചത്. ഇക്കൊല്ലം മാർച്ചോടെ ഐഡിബിഐ ബാങ്കിന്‍റെ പുതിയ ഓഹരി ഉടമകളെ അറിയാം.

അതേസമയം, രണ്ട് കമ്പനികളിൽ ആരെ തിരഞ്ഞെടുത്താലും ലയനം ആവശ്യമായി വരുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. ഒരേസമയം ഒരാൾക്ക് രണ്ട് ബാങ്കുകളുടെ പ്രൊമോട്ടറായി തുടരാൻ കഴിയില്ലെന്നാണ് റിസർവ് ബാങ്ക് ചട്ടം. ശതകോടീശ്വരനായ ഉദയ് കൊട്ടക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പ്രൊമോട്ടർ.

തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഐഡിബിഐ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ലയിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഐഡിബിഐയെ ഏറ്റെടുക്കാൻ താൽപര്യ പത്രം നൽകിയിട്ടില്ലെന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പ്രതികരണം. ഇന്ന് ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിൽ പ്രൊമോട്ടർമാരായ ഫെയർഫാക്സിന് 40 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഒന്നുകിൽ ഈ ഓഹരി വിറ്റൊഴിയേണ്ടി വരും. അല്ലെങ്കിൽ ഇരുബാങ്കുകളും ലയിക്കണം. അനുമതി ലഭിച്ചാൽ സിഎസ്ബി ബാങ്കിനെ ഐഡിബിഐയിൽ ലയിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബാങ്കിന് പുതിയ പേരിടാനും റിസർവ് ബാങ്ക് അനുവദിക്കും.

അങ്ങനെയെങ്കില്‍ കേരളം ആസ്ഥാനമായ മറ്റൊരു ബാങ്ക് കൂടി മുംബൈയിലേക്ക് മാറ്റപ്പെടും.

X
Top