
ന്യഡല്‍ഹി: ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ വിപണി കുത്തനെ വളര്‍ന്നു. 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി നല്‍കിയ മൊത്തം വായ്പ 2.94 ലക്ഷം കോടി രൂപയിലെത്തുകയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 122 ശതമാനം വര്‍ധനവാണ് ഇത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം വ്യക്തിഗത വായ്പാ വിഭാഗങ്ങളിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്.
സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവാണ് വായ്പകളിലും പ്രതിഫലിച്ചത്. ആഗോള സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വര്‍ദ്ധിച്ച വാങ്ങലുകള്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണം. നിക്ഷേപമായും ഈടായും സ്വര്‍ണ്ണം ഇതോടെ ആകര്‍ഷകമായി.
അന്താരാഷ്ട്ര അനിശ്ചിതത്വം നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് തള്ളിവിട്ടതായി കൊട്ടക് മഹീന്ദ്ര ബാങ്കിലെ റീട്ടെയില്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഗോള്‍ഡ് ലോണ്‍സ് മേധാവി ശ്രീപാദ് ജാദവ് വിശദീകരിച്ചു. സാമ്പത്തിക അസ്ഥിരതയുടെ കാലത്ത് സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമാണ്. വിതരണ-ആവശ്യകത സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന നിക്ഷേപ ശീലങ്ങളും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കറന്‍സികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്നുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വര്‍ഗീസ് പറഞ്ഞു. സ്വര്‍ണ്ണത്തിന് അതിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറം സാംസ്‌കാരിക പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയിലെ ഉപഭോക്തൃ ആവശ്യം ശക്തമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണ വില ഉയരുമ്പോള്‍, ഈടായി പണയം വച്ച സ്വര്‍ണ്ണാഭരണങ്ങളുടെ മൂല്യവും വര്‍ദ്ധിക്കുന്നു. ഇത് വഴി കടം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാതെ വലിയ വായ്പ തുകകള്‍ നേടാനാകും. പൊതുജന ധാരണയിലെ മാറ്റവും പങ്കു വഹിച്ചിട്ടുണ്ട്. സ്വര്‍ണ്ണ വായ്പകളെ അവസാന ആശ്രയമായല്ല, ഒരു പ്രായോഗിക സാമ്പത്തിക ഓപ്ഷനായാണ് അവര്‍ കണക്കാക്കുന്നത്.
അതേസമയം നഷ്ടസാധ്യതകളും ഒളിഞ്ഞിരുപ്പുണ്ട്.
സ്വര്‍ണ്ണവില കുറയുകയാണെങ്കില്‍ പണയത്തിന്റെ മൂല്യം കുറയും. ഇത് വീഴ്ചയിലേക്ക് നയിച്ചേക്കാം. വായ്പ എടുക്കുന്നവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കടം ഏറ്റെടുക്കേണ്ടി വന്നേക്കാം. പ്രത്യേകിച്ചും വായ്പകള്‍ ഉല്‍പാദനപരമായ നിക്ഷേപങ്ങള്‍ക്ക് പകരം ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍. സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും ഈ അപകടസാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.
സ്വര്‍ണ്ണ വായ്പകളിലെ കുത്തനെയുള്ള വളര്‍ച്ച, ഇന്ത്യന്‍ കുടുംബങ്ങളും ധനകാര്യ സ്ഥാപനങ്ങളും ആഗോള അനിശ്ചിതത്വത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഈ പ്രവണത പുതിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ മേല്‍നോട്ടം ആവശ്യമാണ്.