
കൊച്ചി: കോവിഡിനുശേഷം കേരളത്തില്‍ നിന്നടക്കം വിദേശ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം റെക്കോഡില്‍ എത്തിയിരുന്നു. യുകെ, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളായിരുന്നു മലയാളികളുടെ ലക്ഷ്യകേന്ദ്രം. എന്നാല്‍ 2024ഓടെ വിദേശ പഠനത്തിനായി പറക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞെന്ന കണക്കുകളും പുറത്തുവന്നിരുന്നു. വിദേശ രാജ്യങ്ങള്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയാന്‍ ഇടയാക്കിയത്.
വിദേശ പഠനത്തിനായി ഇന്ത്യക്കാര്‍ അയയ്ക്കുന്ന തുകയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 0.42 ബില്യണ്‍ ഡോളര്‍ വിദേശത്തേക്ക് അയച്ചപ്പോള്‍ ഈ വര്‍ഷമത് 0.32 ബില്യണ്‍ ഡോളറായി താഴ്ന്നു.
2017ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസില്‍ അടക്കം പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്ന മാസമാണ് ഓഗസ്റ്റ്. പൊതുവേ ഈ മാസമാകും വിദേശത്തേക്കുള്ള പണമയയ്ക്കല്‍ കൂടുതല്‍. കാനഡയിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിദേശ പഠനത്തിനായുള്ള പണമടവില്‍ ഓരോ വര്‍ഷം ചെല്ലുന്തോറും കുറവാണ് രേഖപ്പെടുത്തുന്നത്. 2017ല്‍ 787.8 മില്യണ്‍ ഡോളറായിരുന്നു വിദേശത്തേക്ക് അയച്ചിരുന്നത്. 2019ല്‍ ഇത് 1.95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പിടിമുറുക്കിയ 2020ല്‍ 1.12 ബില്യണ്‍ ഡോളറായി കുറഞ്ഞെങ്കിലും 2021ല്‍ 2.37 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്തേക്ക് അയച്ചത്. എന്നാല്‍ 2021ന് ശേഷം വിദേശ വിദ്യാഭ്യാസത്തിന് പോകുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. സ്വഭാവികമായും വിദേശത്തേക്കുള്ള പണമയയ്ക്കലിലും കുറവുണ്ടായി.
കാനഡ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠനശേഷം മെച്ചപ്പെട്ട ജോലി ലഭിക്കുന്നില്ലെന്നത് പലരെയും വിദേശവിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. കാനഡയില്‍ വിദ്യാഭ്യാസത്തിന് പോയി ജോലി ലഭിക്കാതെ തിരിച്ചെത്തിയ ്മലയാളികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.
മറ്റ് വിദേശ രാജ്യങ്ങളിലും സമാന അവസ്ഥയായതും ഓവര്‍സീസ് എഡ്യുക്കേഷന് തിരിച്ചടിയായി.






