
കൊച്ചി: ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി സെപ്റ്റംബറിൽ നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. റിഫൈനറികൾ പാമോയിലിനു പകരമായി വില കുറഞ്ഞ സോയ ഓയിലിനെ ആശ്രയിക്കുന്നതാണ് ഇറക്കുമതിയിലെ ഇടിവിനു കാരണമായത്.
പാമോയിൽ ഇറക്കുമതി സെപ്റ്റംബറിൽ 15.9 ശതമാനം കുറഞ്ഞ് 8.33 ലക്ഷം ടണ്ണായി. ഇത് മേയ് മാസത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. അതേസമയം സോയ ഓയിൽ ഇറക്കുമതി 37.3 ശതമാനം വർധിച്ച് 5.05 ലക്ഷം ടണ്ണായി. ഇത് 2022 ജൂലായിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 5.8 ശതമാനം വർധിച്ച് 2.72 ലക്ഷം ടണ്ണായി, ഇത് എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
പാമോയിൽ ഇറക്കുമതി കുറഞ്ഞതുകാരണം ഇന്ത്യയുടെ മൊത്തം ഭക്ഷ്യഎണ്ണ ഇറക്കുമതി സെപ്റ്റംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറഞ്ഞ് 16.1 ലക്ഷം ടണ്ണായി. ഉത്സവ സീസണിനു മുന്നോടിയായി ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ വലിയ തോതിലുള്ള ഇറക്കുമതി നടന്നതിനാൽ ഇന്ത്യയിലെ പാമോയിലിന്റെ സ്റ്റോക്ക് നില തൃപ്തികരമാണെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. ഇന്ത്യ പാമോയിൽ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഇൻഡൊനീഷ്യയിൽനിന്നും മലേഷ്യയിൽനിന്നുമാണ്.
സോയ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവ അർജന്റീന, ബ്രസീൽ, റഷ്യ, യുക്രൈൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നു.