
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ റബർ കൃഷി വഹിച്ച അല്ലെങ്കിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. ഇന്ത്യയിൽ റബറിനൊരു തലസ്ഥാനമുണ്ടെങ്കിൽ അത് കേരളമായിരിക്കും. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തെ റബറിന്റെ 75 ശതമാനവും കേരളമാണ് ഉൽപാദിപ്പിച്ചിരുന്നത്.
എന്നാൽ വിവിധങ്ങളായ പ്രതിസന്ധികൾ മൂലം റബര്‍ കൃഷിയില്‍ നിന്നും റബര്‍ ഉത്പാദനത്തില്‍ നിന്നും കേരളം പിന്നിലേക്ക് പോകുന്നുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൃഷി ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാതായതും 10 വര്‍ഷത്തിലേറെയായി റബര്‍ വില സ്ഥിരമായി കുത്തനെ ഇടിഞ്ഞതുമാണ് റബര്‍ ഉത്പാദനത്തില്‍ കേരളം പിന്നിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
2013-14ല്‍ കേരളത്തില്‍ 5,48,225 ഹെക്‌ടറിലാണ് റബര്‍ കൃഷിയുണ്ടായിരുന്നത്. 10 വര്‍ഷം കഴിഞ്ഞ് 2023-24ല്‍ എത്തുമ്പോള്‍ കേരളത്തില്‍ റബര്‍ കൃഷി 5,48,300 ഹെക്‌ടറില്‍ മാത്രമാണ്. വെറും 75 ഹെക്‌ടര്‍ പ്രദേശം മാത്രമാണ് റബര്‍ കൃഷി ഭൂമിയുടെ കാര്യത്തില്‍ വര്‍ധിച്ചത്.
പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാട് എന്ന സ്ഥലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തിൽ ആദ്യമായി ഒരു റബർ തൈ നട്ടത്. അവിടെ നിന്നും തുടങ്ങുന്നു കേരളത്തിലെ റബർ കൃഷിയുടെ ചരിത്രം.
ഹീവിയ ബ്രസീലിയൻസിസ് എന്ന ശാസ്ത്രനാമമുള്ള റബർ തട്ടേക്കാടു നിന്ന് എത്തിയത് മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാർ എന്ന സ്ഥലത്താണ്. ജോൺ മർഫി എന്ന അയർലൻഡുകാരൻ സ്ഥാപിച്ച റബർ തോട്ടമായി അതു മാറി. മർഫിയുടെ ദീർഘദർശിത്വവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂർ രാജാവിന്റെയും പ്രോത്സാഹനവും ഒത്തു ചേർന്നതോടെയാണ് കേരളത്തിൽ റബർ കൃഷിക്ക് നല്ല വേരോട്ടം കിട്ടിയത്.
ഇവിടെ നിന്നുള്ള റബർ ബ്രിട്ടീഷുകാർക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് വലിയ സഹായമായതോടെ 1947ൽ ഒരു റബർ നിയമം ( Rubber Act-1947) തന്നെ നിലവിൽ വന്നു. പിന്നീട് റബറിന്റെ നാടായ കോട്ടയത്ത് റബർ ബോർഡും സ്ഥാപിക്കപ്പെട്ടതോടെ കൃഷിക്ക് കൂടുതൽ പിന്തുണ ലഭിച്ചു തുടങ്ങി.
കേരളത്തിന്റെ സാമ്പത്തീക മുന്നേറ്റത്തിൽ ഒരു കാലത്ത് റബർ വഹിച്ച പങ്ക് അവഗണിക്കാനാകില്ല. റബർ ബോർഡ് പുറത്തിറക്കിയ ഉൽപാദനക്ഷമത കൂടിയ ഇനങ്ങൾ കർഷകരുടെ വരുമാനവും വർധിപ്പിച്ചു. എന്നാൽ അത്രയേറെ ശോഭനനമല്ലാത്ത അവസ്ഥയിലാണ് വർത്തമാന കാലത്ത് കേരളത്തിലെ റബർ കർഷകരുടെ അവസ്ഥ.
അപ്പോഴും അവഗണിക്കാൻ കഴിയാത്ത പ്രധാന്യം കേരളത്തിൽ റബർ കൃഷി നേടിയിട്ടുണ്ട് എന്നത് അവിതർക്കിതമാണ്.






