മുംബൈ: ഒരു ഓഹരിക്ക് 487 രൂപ, ലിസ്റ്റ് ചെയ്തത് 651 രൂപയ്ക്ക്. ആകെ നിക്ഷേപം 9.99 കോടി..അപ്പോൾ ആകെ ലാഭം എത്ര..പി എസ് സി പരീക്ഷയിലെ ചോദ്യമൊന്നുമല്ല. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ ഓഹരി വിപണിയിലെ തകർപ്പൻ പ്രകടനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കുട്ടികൾക്കായുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനിയായ ഫസ്റ്റ് ക്രൈയുടെ പ്രീ ഐപിഒയിൽ 9.99 കോടി രൂപ നിക്ഷേപിച്ച സച്ചിന്റെ പക്കലുള്ള ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 13.82 കോടി രൂപയാണ്. സച്ചിൻ ടെണ്ടുൽക്കറും ഭാര്യ അഞ്ജലിയും ഫസ്റ്റ് ക്രൈയിൽ 2 ലക്ഷത്തിലധികം ഓഹരികളാണ് സ്വന്തമാക്കിയത്.
ടാറ്റ സൺസ് ഓണററി ചെയർമാൻ രത്തൻ ടാറ്റ ഐപിഒയ്ക്ക് മുമ്പ് ഫസ്റ്റ് ക്രൈയുടെ 77,900 ഓഹരികൾ വാങ്ങിയിരുന്നു. ഓഹരി ഒന്നിന് ശരാശരി 84.72 രൂപയ്ക്കാണ് അദ്ദേഹം വാങ്ങിയത്. ഐപിഒ ലിസ്റ്റിംഗോടെ രത്തൻ ടാറ്റയുടെ നിക്ഷേപം 5 ഇരട്ടിയിലധികം വർധിച്ചു.
66 ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ച രത്തൻ ടാറ്റയുടെ നിക്ഷേപം ലിസ്റ്റിംഗിന് ശേഷം 5 കോടി രൂപയിലെത്തി. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 615,460 ഓഹരികളും വാങ്ങിയിട്ടുണ്ട്.
സച്ചിനും രത്തൻ ടാറ്റയുമെല്ലാം കമ്പനിയുടെ ഐപിഒയ്ക്ക് മുമ്പാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഐപിഒയ്ക്ക് ശേഷം ഓഹരികളുടെ ലിസ്റ്റിംഗ് നടത്തി ഒരു മാസം കഴിഞ്ഞു മാത്രമേ ഈ ഓഹരികൾ വിൽക്കാൻ സാധിക്കൂ.
ഫസ്റ്റ് ക്രൈയുടെ മാതൃ കമ്പനിയായ ബ്രെയിനീസ് സൊല്യൂഷൻസിന്റെ ഓഹരികൾ ആഗസ്റ്റ് 13-ന് ആണ് വിപണിൽ ലിസ്റ്റ് ചെയ്തത്.
കമ്പനിയുടെ ഐപിഒയ്ക്ക് 12.22 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിച്ചത്. ഐപിഒയിൽ നിന്ന് കമ്പനി മൊത്തം 4,193.73 കോടി രൂപ സമാഹരിച്ചു.
ഈ തുക ‘ബേബിഹഗ്’ ബ്രാൻഡിന് കീഴിൽ സ്റ്റോറുകൾ തുറക്കുന്നതിനും അനുബന്ധ കമ്പനികളിൽ നിക്ഷേപിക്കുന്നതിനും വിൽപ്പന, വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും കമ്പനി ഉപയോഗിക്കും.