
മുംബൈ: രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ നിയമനങ്ങൾക്ക് വേഗം കുറയുന്നു. നടപ്പുസാമ്പത്തികവർഷം ആദ്യ ഒൻപതുമാസത്തിൽ അഞ്ചുമുൻനിര കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നീ കമ്പനികളിലായി മുൻവർഷത്തെ അപേക്ഷിച്ച് ആകെ 249 പേരുടെ കുറവാണുണ്ടായത്.
ടിസിഎസ് ഒഴികെയുള്ള നാലുകമ്പനികളിൽ ജീവനക്കാരുടെ എണ്ണം നേരിയതോതിലെങ്കിലും കൂടിയിട്ടുണ്ട്. എന്നാൽ, ടിസിഎസിൽ പിരിച്ചുവിട്ടതും കൊഴിഞ്ഞുപോയതുമായി മൊത്തം ജീവനക്കാരിൽ 25,816 പേരുടെ കുറവുണ്ടായി. ഇതാണ് അഞ്ചു കമ്പനികളും ചേർന്നുള്ള മൊത്തം ജീവനക്കാരുടെ എണ്ണം കുറയാനിടയാക്കിയത്.
ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടിരിക്കുന്ന ടിസിഎസിൽ ഏപ്രിൽ-ജൂൺ കാലയളവിൽ 5,090 പേരെ അധികമായി നിയമിച്ചെങ്കിലും തുടർന്നുള്ള ആറുമാസം ആകെ 30,906 പേർ വിട്ടുപോയി. 13.5 ശതമാനമാണ് കമ്പനിയിലെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. ഡിസംബർ അവസാനമുള്ള കണക്കുപ്രകാരം 5,82,163 പേരാണ് ടിസിഎസിലുള്ളത്. 2025 മാർച്ച് 31-ന് ഇത് 6.07 ലക്ഷമായിരുന്നു. ജൂൺ 31-ന് 6.13 ലക്ഷവും. സ്ത്രീപങ്കാളിത്തം 35.1 ശതമാനം വരും.
ഇൻഫോസിസ് 13,456 പേരെ അധികമായി ഉൾപ്പെടുത്തി. എച്ച്‌സിഎല്ലിലിത് 2,959 പേരും വിപ്രോയിൽ 8,675 പേരുമാണ്. ടെക് മഹീന്ദ്രയിൽ 477 പേർ അധികമായെത്തി. ഇൻഫോസിസിൽ 13.7 ശതമാനം വരെയാണ് കൊഴിഞ്ഞുപോക്ക്. 39 ശതമാനംവരെ സ്ത്രീപങ്കാളിത്തമുണ്ട്.
എച്ച്‌സിഎൽ ടെക്കിൽ 12.4 ആണ് കൊഴിഞ്ഞുപോക്ക്. മൊത്തം ജീവനക്കാരിൽ 29.5 ശതമാനംവരെ സ്ത്രീകളാണ്. വിപ്രോയിൽ കൊഴിഞ്ഞുപോക്ക് 14.2 ശതമാനമാണ്.
2024-25 സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബർ കാലയളവിനെ അപേക്ഷിച്ച് ഈ കമ്പനികളുടെ മൊത്തം നിയമനങ്ങളിൽ 105 ശതമാനംവരെ കുറവുണ്ടായെന്നാണ് കണക്ക്. എഐ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യേകം കഴിവുള്ളവരെയാണ് ഐടി കമ്പനികൾ ഇപ്പോൾ കൂടുതലായി തേടുന്നത്.






