
മുംബൈ: ഖനനം ചെയ്ത ലോഹ ഉൽപ്പാദനം രണ്ടാം പാദത്തിൽ 3 ശതമാനം വർധിച്ച് 255,000 ടണ്ണായി ഉയർന്നതായി ഹിന്ദുസ്ഥാൻ സിങ്ക് അറിയിച്ചു. 2022 സാമ്പത്തിക വർഷത്തെ സെപ്റ്റംബർ പാദത്തിൽ ഇത് 248,000 ടണ്ണായിരുന്നു.
മികച്ച ഗ്രേഡുകളും മെച്ചപ്പെട്ട മിൽ വീണ്ടെടുക്കലുകളും മൂലം കമ്പനിയുടെ എക്കാലത്തെയും ഉയർന്ന രണ്ടാം പാദ ലോഹ ഉൽപ്പാദനമാണ് സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത്. പ്രസ്തുത കാലയളവിൽ ശുദ്ധീകരിച്ച ലോഹ ഉൽപ്പാദനം 18% വർധിച്ച് 246,000 ടൺ ആയി ഉയർന്നു. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ ഇത് 6 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.
കമ്പനിയുടെ സംയോജിത സിങ്ക് ഉൽപ്പാദനം 189,000 ടൺ ആയിരുന്നു. ഇത് 2021 സെപ്റ്റംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 16% വർധനയും കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 8% കുറവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ശുദ്ധീകരിച്ച ലെഡ് ഉൽപ്പാദനം രണ്ടാം പാദത്തിൽ 57,000 ടൺ ആയിരുന്നു.
വേദാന്ത ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്ക്, സിങ്ക്, ലെഡ്, സിൽവർ എന്നിവയുടെ സംയോജിത നിർമ്മാതാക്കളാണ്. വേദാന്തയ്ക്ക് കമ്പനിയിൽ 64.92% ഓഹരിയുണ്ട്. കഴിഞ്ഞ പാദത്തിൽ ഖനന കമ്പനിയുടെ ഏകീകൃത അറ്റാദായം 55.93% ഉയർന്ന് 3,092 കോടി രൂപയായി ഉയർന്നിരുന്നു.
ബിഎസ്ഇയിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ 0.94 ശതമാനം ഉയർന്ന് 268.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.