
തിരുവനന്തപുരം: പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ 12 ഇരട്ടിയോളം ഫീസ് വർധിപ്പിച്ച കേന്ദ്രതീരുമാനം സംസ്ഥാനസർക്കാർ അംഗീകരിച്ചു. 800 രൂപയ്ക്ക് പകരം 10,000 രൂപ ഈടാക്കാൻ സോഫ്റ്റ്വേറില്‍ ക്രമീകരണം ഏർപ്പെടുത്തി. ഉയർന്ന ഫീസെന്നത് കേന്ദ്രതീരുമാനമാണെങ്കിലും നേട്ടം സംസ്ഥാന സർക്കാരിനാണ്. വർധിച്ച തുക സംസ്ഥാനസർക്കാരിന് ലഭിക്കും.
കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസർക്കാർ പഴയവാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ ഫീസ് വർധനയും. ഇതോടെ പഴയകാറുകള്‍ അറ്റകുറ്റപ്പണിതീർത്ത് രജിസ്ട്രേഷൻ പുതുക്കാൻ വാഹനവിലയെക്കാള്‍ ചെലവിടേണ്ടിവരും.
ഫീസ് വർധന ചെറുകാറുകളുടെ സെക്കൻഡ്ഹാൻഡ് വിപണിയെയും പ്രതികൂലമായി ബാധിച്ചു.
പഴയജീപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മലയോരമേഖലയ്ക്കും ഫീസ് വർധന കനത്തപ്രഹരമാണ്. ടാക്സിമേഖലയെയും ഫീസ് വർധന പ്രതികൂലമായി ബാധിക്കും.
നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു രംഗത്തെത്തി.
സംസ്ഥാന സർക്കാരിന് ഇളവ് നല്‍കാം
കോവിഡ് ലോക്ഡൗണിനുശേഷം വാഹനനികുതിയിലും ഫീസിലും സംസ്ഥാനസർക്കാർ ഇളവ് നല്‍കിയിരുന്നു. കേന്ദ്രതീരുമാനമാണെങ്കിലും സംസ്ഥാനസർക്കാരിന് ഇടപെടാനാകും.
മോട്ടോർവാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒന്നാം പിണറായി സർക്കാർ കുറച്ചിരുന്നു.