
മുംബൈ: അമേരിക്കയുടെ ഉയർന്ന തീരുവ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ വരുത്തിയ മാറ്റം കൂടുതൽ പ്രകടമായിത്തുടങ്ങി. പുതിയ വിപണികൾ കണ്ടെത്തി അമേരിക്കയിലേക്കുള്ള കയറ്റുമതിനഷ്ടം പരിഹരിക്കാൻ ഇന്ത്യ ശ്രമം ശക്തമാക്കി. യുഎഇ, ചൈന, സൗദി അറേബ്യ, സ്‌പെയിൻ, മലേഷ്യ, ഹോങ്കോങ് പോലുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വളർച്ച പ്രകടമായി.
അതേസമയം, അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞുവരുകയാണ്. കയറ്റുമതിരംഗത്ത് അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ വസ്ത്രം, ആഭരണം, വിലയേറിയ കല്ലുകൾ, സമുദ്രോത്പന്നങ്ങൾ എന്നിങ്ങനെ തൊഴിൽകേന്ദ്രീകൃതമായ കയറ്റുമതിമേഖലകളിൽ ഈ മാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്.
തീരുവയ്ക്കുമുൻപ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ വാണിജ്യകയറ്റുമതി മൊത്തം കയറ്റുമതിയുടെ 22.5 ശതമാനം വരെയായിരുന്നു. ഇപ്പോഴിത് 17.8 ശതമാനമായി കുറഞ്ഞെന്നാണ് ഇളാര സെക്യൂരിറ്റീസിന്റെ വിശകലനറിപ്പോർട്ട് പറയുന്നത്.
ചൈന, യുഎഇ, സ്‌പെയിൻ, ഹോങ്കോങ് പോലുള്ള വിപണികളിലേക്ക് കയറ്റുമതി ഉയർത്തിക്കൊണ്ടാണ് ഇന്ത്യ ഇതിന്റെ ആഘാതം നേരിടുന്നത്. ജർമനി, ഇറ്റലി എന്നിവിടങ്ങളിലേക്ക് കയറ്റുമതി ഉയർന്നുതുടങ്ങിയിട്ടുണ്ട്.
അതേസമയം നെതർലൻഡ്‌സ്, യു.കെ. എന്നിവിടങ്ങളിലേക്ക് ഇടിവുണ്ടാവുകയും ചെയ്തു. 2026-27 സാമ്പത്തികവർഷം ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 4.5 മുതൽ അഞ്ചുശതമാനംവരെ വർധന പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2025-26-ലിത് രണ്ടുശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയുടെ ചരക്കുകയറ്റുമതിയിൽ പ്രധാന വിപണിയായിരുന്നു അമേരിക്ക. ഏപ്രിൽ- ഡിസംബർ കാലയളവിൽ അമേരിക്കയിലേക്ക് 6588 കോടി ഡോളറിന്റെ കയറ്റുമതി നടന്നതായി കേന്ദ്ര വാണിജ്യസെക്രട്ടറി രാജേഷ് അഗർവാൾ വ്യാഴാഴ്ച വ്യക്തമാക്കി.
മുൻവർഷം ഇതേകാലത്തെ 6063 കോടി ഡോളറിനെക്കാൾ 9.8 ശതമാനമാണ് വളർച്ച. തീരുവകുറഞ്ഞ മേഖലകളിൽ കയറ്റുമതി ശക്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






