
ന്യൂഡല്‍ഹി:ഓഫ് ലൈന്‍ മോഡില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. നെറ്റ്വര്‍ക്ക് ഇല്ലാത്ത മേഖലകളിലുള്ളവര്‍ക്ക് പുറമെ മോശം നെറ്റ്വര്‍ക്കുകളുള്ള നഗര പ്രദേശങ്ങളിലുള്ളവര്‍ക്കും വിമാന യാത്രികര്‍ക്കും സൗകര്യം ഉപകാരപ്പെടും.ആര്‍ബിഐയുടെ റെഗുലേറ്ററി സാന്‍ഡ്ബോക്സ് പ്രോഗ്രാമിന് കീഴിലുള്ള ക്രഞ്ച്ഫിഷ്, ഐഡിഎഫ്സി ബാങ്ക്, എം2പി ഫിന്‍ടെക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഉദ്യമം.
2022 സെപ്റ്റംബറിലാണ് ഇതിനുള്ള അനുമതി ലഭ്യമായത്. രാജ്യത്തുടനീളമുള്ള 16-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നാല് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാകും. ഓരോ ഇടപാടിനും 200 രൂപയായിരിക്കും ഫീസ്.
പൂര്‍ണ്ണമായും ഓഫ്ലൈനിലായിരിക്കുമ്പോഴും ഇടപാട് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരീക്ഷണം. വ്യാപാരിയോ ഉപഭോക്താവോ ഓണ്‍ലൈനില്‍ എത്തിയാലുടന്‍ ഇടപാട് തീര്‍പ്പാകും.
‘ഇതുവഴി വിദൂര പ്രദേശങ്ങളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ത്വരിതപ്പെടും ബാങ്ക് പെയ്മന്റ് മേധാവി പരാഗ് റാവു പറയുന്നു.