
കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനമായ ഹയാക്കോൺ 1.0 ആരംഭിച്ചു. കൊച്ചി കാംപസിൽ നടക്കുന്ന ത്രിദിന സമ്മേളനം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുളവാഴയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്ത ഉൾപ്പെടെയുള്ള മേഖലകളിൽ കുളവാഴ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന മാതൃകകൾ നിലവിലുണ്ടെന്നും നമുക്ക് ഇത്തരത്തിലുളള മികച്ച മാതൃകകൾ പിന്തുടരുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബംഗ്ലാദേശിൽ കുളവാഴ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ നിർമാണത്തിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ-ബംഗ്ലാദേശ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ള പറഞ്ഞു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കുളവാഴ വ്യാപനം മൂലം ജനങ്ങൾ നേരിടുന്ന ദുരിതം പരിഹരിക്കാൻ സംയോജിത നയങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുളവാഴസൃഷ്ടിക്കുന്ന പരിസ്ഥിതി വെല്ലുവിളികൾ ഏകോപിതമായ റീജണൽ നയങ്ങളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഇതിനായുള്ള സമഗ്രപരിഹാരരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ജെയിൻ സർവകലാശാലയും സിഫ്റ്റും തമ്മിൽ അക്കാദമിക് ധാരണാ പത്രം ഈ അവസരത്തിൽ കൈമാറി. ധാരണാ പത്രത്തിൽ സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലതയും ഒപ്പുവച്ചു. ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇത്രയും വലുപ്പമുള്ള ടെക്നിക്കൽ സംവാദം ആദ്യമായാണ് നടത്തുന്നതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് കൂട്ടിച്ചേർത്തു. കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ്, കേളചന്ദ്ര എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രത്യേക സെഷനിൽ കൃഷി മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി.






