
ഒട്ടാവ: ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ കാനഡ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തയ്യാറാക്കുന്നു. എച്ച് വണ്‍ബി വിസാ ഫീസ് 100,000 ഡോളറാക്കി ഉയര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണിത്.
സോഫ്റ്റ്വെയര്‍ വികസനം, എഞ്ചിനീയറിംഗ്, ഡാറ്റാ സയന്‍സ് തുടങ്ങിയ പ്രത്യേക മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാനാണ് അമേരിക്കന്‍ കമ്പനികള്‍ സാധാരണയായി എച്ച് വണ്‍ബി വിസ ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ അപേക്ഷകള്‍ക്കുള്ള വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തിയതോടെ ഇന്ത്യന്‍ പ്രൊഫഷണലുകളെ ഇതിനായി പരിഗണിക്കാനുള്ള സാധ്യത മങ്ങി.
ഈ അവസരം മുതലെടുത്ത് പ്രതിഭകളെ രാജ്യത്തെത്തിക്കാനാണ് കാനഡയുടെ ശ്രമം. നിലവില്‍ എച്ച് വണ്‍ബി വിസയുടെ 70 ശതമാനവും കരസ്ഥമാക്കുന്നത് ഇന്ത്യക്കാരാണ്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയുടെ പ്രഖ്യാപനമനുസരിച്ച് ഇവര്‍ക്കുള്ള ഓഫര്‍ കാനഡ ഉടന്‍ നല്‍കും. കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള സുഗമമായ പാതയായിരിക്കും ഇത്.
2022 ഏപ്രിലിനും 2023 മാര്‍ച്ചിനുമിടയില്‍ 32,000 ടെക്ക് തൊഴിലാളികളാണ് കാനഡയിലേയ്ക്ക് താമസം മാറിയത്. ഇതില്‍ 15,000 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. 2024 ല്‍ ഏകദേശം 87,000 ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം നേടി. 2022 ല്‍ മൊത്തം പൗരത്വം നേടിയവരില്‍ 30 ശതമാനം ഇന്ത്യക്കാരാണ്.
കാനഡയിലെ തൊഴില്‍ ശക്തിയില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സാന്നിധ്യം നിര്‍ണ്ണായകമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.