
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക ഉയർത്തി സർക്കാർ വിജ്ഞാപനമിറക്കി. 10 ലക്ഷം രൂപയാണ് നിക്ഷേപ പരിരക്ഷ. വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപഗാരന്റി കോർപ്പറേഷൻ നൽകുന്ന പരിരക്ഷ അഞ്ചുലക്ഷമാണ്. സഹകരണ മേഖലയിൽ നിക്ഷേപകർക്ക് വിശ്വാസം ഉറപ്പിക്കാനാണ് സർക്കാർ നടപടി.
സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡാണ് നിക്ഷേപത്തിന് സുരക്ഷയൊരുക്കുന്ന സ്ഥാപനം. സഹകരണബാങ്കുകൾ പൂട്ടൽ നടപടിയിലേക്കുപോകുന്ന ഘട്ടത്തിലാണ് ബോർഡ് പണം നൽകുക എന്നാണ് വ്യവസ്ഥ.
എന്നാൽ, പൂട്ടൽനടപടി വൈകുന്നത് നിക്ഷേപകർക്ക് ഗാരന്റിത്തുക ലഭിക്കാനും കാലതാമസം ഉണ്ടാക്കും. അഞ്ചുലക്ഷം രൂപവരെ നേരത്തേ സർക്കാർ ഗാരന്റി ഉണ്ടായിരുന്നിട്ടും കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകർക്ക് പണം കിട്ടാതെവന്നത് ഇതുകൊണ്ടാണ്. ഈ പ്രശ്നം പരിഹരിക്കാനായി, പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകൾക്ക് പ്രത്യേക സാമ്പത്തികസഹായം നൽകാനുള്ള വ്യവസ്ഥയും ബോർഡിന്റെ നിയമാവലിയിൽ ഉൾപ്പെടുത്തി.
സഹകരണ നിക്ഷേപങ്ങൾക്ക് പരിരക്ഷ കൂട്ടണമെങ്കിൽ ബോർഡിന് കൂടുതൽ സാമ്പത്തിക സ്ഥിതിയുണ്ടാക്കണമെന്ന് ഭരണസമിതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീകരിച്ച് സർക്കാർ, ഓരോ വർഷവും അധികമായിവരുന്ന നിക്ഷേപത്തിനുമാത്രം വിഹിതം നൽകിയാൽമതിയെന്ന വ്യവസ്ഥ മാറ്റി 2025 ഏപ്രിൽമുതൽ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് രണ്ടുപൈസ നിരക്കിലും 2026 ഏപ്രിൽമുതൽ നാലുപൈസനിരക്കിലും വിഹിതം നൽകണമെന്നാക്കി.
സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാൽ സഹകാരികൾ പ്രതിഷേധം അറിയിച്ചു. ഇതോടെ മൊത്തം നിക്ഷേപത്തിന് വിഹിതം അടയ്ക്കണമെന്ന വ്യവസ്ഥ സർക്കാർ റദ്ദാക്കി. അധികമായിവരുന്ന നിക്ഷേപത്തിന് 100 രൂപയ്ക്ക് പത്തുപൈസ എന്നാക്കി. അടുത്തവർഷം അധികമായി ലഭിക്കുന്ന നിക്ഷേപത്തിന് 12 പൈസ നൽകണം. സംഘങ്ങൾ നൽകുന്ന ഗാരന്റി വിഹിതത്തിലൂടെ 376 കോടി മാത്രമാണ് ഇതുവരെ ബോർഡിന് ലഭിച്ചിട്ടുള്ളത്.
പ്രതിസന്ധിനേരിടുന്ന സഹകരണ ബാങ്കുകൾക്ക് സഹായം നൽകാനുള്ള ഫണ്ട് കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം ബോർഡിന് കൈമാറണമെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. പത്തുവർഷമായി അവകാശികളെത്താത്ത നിക്ഷേപം ഏകദേശം 700 കോടിയോളം രൂപയുണ്ടെന്നാണ് കണക്കാക്കുന്നത്.
പത്തുവർഷമായി ഓപ്പറേറ്റ് ചെയ്യാത്ത സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപവും ബോർഡിലേക്ക് മാറ്റണം. അവകാശികളെത്തിയാൽ പലിശസഹിതം തിരിച്ചുനൽകുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.






