
തൃശൂർ: പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി.എസ്.ടി. നിർണ്ണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജി.എസ്.ടി. നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും. ബുധനാഴ്ച തൃശൂർ രാമനിലയത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കാസിനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഈടാക്കാൻ അമ്പതാമത് ജി.എസ്.ടി. കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു.
തുടർന്ന് കേന്ദ്ര സർക്കാർ ജി.എസ്.ടി. നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജി.എസ്.ടി. നിയമത്തിൽ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.
ഓൺലൈൻ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജി.എസ്.ടി. നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും.
ഭേദഗതികൾക്ക് 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ് ഇറക്കുക.