
ന്യൂഡല്‍ഹി: ജിഎസ്ടി നികുതിയിളവിന്റെ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാർ. ഇളവിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ കമ്പനികള്‍ പിടിച്ചുവെക്കരുത്. നികുതിയിളവിന് മുൻപും ശേഷവുമുള്ള വിലനിലവാരം വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇടപെടലുണ്ടാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ ഓഫീസ് എക്സ് പോസ്റ്റില്‍ അറിയിച്ചു.
നികുതിയിളവിന്റെ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വിവിധ വാണിജ്യസംഘടനകളും അസോസിയേഷനുകളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ സ്വമേധയാ ഈ പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്.
പുതിയ നിരക്കുകളായ 5%, 18% എന്നിവ സെപ്റ്റംബർ 22 മുതല്‍ ഇൻവോയിസുകള്‍ തയ്യാറാക്കുമ്പോള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇന്ത്യൻ കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും സർക്കാർ അഭ്യർഥിച്ചു.
സെപ്റ്റംബർ 22 മുതലാണ് പുതിയ ജിഎസ്ടി നികുതിയിളവ് പ്രാബല്യത്തില്‍ വരിക. ജിഎസ്ടി നികുതി ഘടനയില്‍ 12%, 28% നിരക്കുകള്‍ക്ക് പകരമായി 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളില്‍ നികുതി ഘടന ലളിതമാക്കും.
ആഡംബര, ലഹരി ഉത്പന്നങ്ങള്‍ക്ക് 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും ഉണ്ടാകും. ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ഉപഭോഗം വർധിപ്പിക്കുന്നതിനും സാമ്പത്തികപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുംവേണ്ടിയാണ് പുതിയ പരിഷ്കാരം നടത്തിയത്.