
ന്യൂഡൽഹി: ചരക്ക് സേവന നികുതി പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇത് ജനങ്ങളുടെ കൈവശമുള്ള പണം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ ചെലവഴിക്കലുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഔട്ട്‌റീച്ച് ആന്‍ഡ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.എസ്.ടി. വരുമാനത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
ഇത് ഇടത്തരം, പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യും. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയിലെ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജി.എസ്.ടി. കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്നും അവര്‍ വ്യക്തമാക്കി.
ജിഎസ്ടി. പരിഷ്‌കാരങ്ങളിലൂടെ വിവിധ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പത്തിരട്ടി നേട്ടമാണ് പൊതുജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 2018-ല്‍ 7.19 ലക്ഷം കോടി രൂപയായിരുന്ന ജി.എസ്.ടി.
വരുമാനം 2025-ല്‍ 22.08 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചതായും അവര്‍ അറിയിച്ചു. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് 1.51 കോടിയായി ഉയര്‍ന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.