
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പരിഷ്‌കരണം ആഭ്യന്തര ഉപഭോഗത്തെ ഉത്തേജിപ്പിക്കുമെങ്കിലും സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും, മൂഡീസ് റേറ്റിംഗ്്സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചെലവുകള്‍ കുറച്ച് പ്രശ്നത്തെ മറികടക്കാനാകും സര്‍ക്കാര്‍ ശ്രമം.
അതുകൊണ്ടുതന്നെ ധനക്കമ്മി വര്‍ദ്ധിക്കാനുള്ള സാധ്യത റേറ്റിംഗ് ഏജന്‍സി തള്ളികളയുന്നു. നടപ്പ് വര്‍ഷത്തില്‍ 48,000 കോടി രൂപയുടെ (5.4 ബില്യണ്‍ ഡോളര്‍) വരുമാന നഷ്ടം കേന്ദ്രം കണക്കാക്കിയിട്ടുണ്ട്.
അടുത്ത രണ്ട് പാദങ്ങളില്‍ കേന്ദ്രം സര്‍ക്കാര്‍ ചെലവുകള്‍ കുറച്ചേയ്ക്കാം. ഇത് സാമ്പത്തിക ഏകീകരണ പ്രവണത നിലനിര്‍ത്തും മൂഡീസ് കുറിപ്പില്‍ പറഞ്ഞു. സര്‍ക്കാറിന്റെ കടം താങ്ങാവുന്നതാണെന്ന് പറഞ്ഞ മൂഡീസ് വരുമാനത്തിന്റെ 23 ശതമാനം പലിശ ഇനത്തില്‍ ചെലവാകുന്നതായി നിരീക്ഷിച്ചു.
ജിഎസ്ടി നിരക്കുകളിലെ കുറവ് സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകും.
‘ജിഎസ്ടി പരിഷ്‌കരണം കുടുംബങ്ങള്‍ക്കുള്ള പിന്തുണയുടെ മറ്റൊരു രൂപമാണ്. ഇടത്തരം വരുമാനക്കാരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ് സമാനമായ മറ്റൊരു നടപടി. ഇവ ഗാര്‍ഹിക ഉപഭോഗം വര്‍ദ്ധിപ്പിക്കും. നിലവില്‍ ജിഡിപിയുടെ 61 ശതമാനം ഗാര്‍ഹിക ഉപഭോഗമാണ്.’ മൂഡീസ് കുറിപ്പില്‍ പറഞ്ഞു.
ജിഎസ്ടി ഘടന 5,18 ശതമാനമാക്കി പരിമിതപ്പടുത്താനുള്ള നിര്‍ദ്ദേശത്തിന് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കി. പരിഷ്‌ക്കരണം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.