
ആലത്തൂർ: അഞ്ച്, 10, 25 കിലോഗ്രാം ബാഗുകളില്‍ വരുന്ന അരിയുടെ വിലയില്‍ ജിഎസ്ടി ഇളവ് ലഭിക്കില്ല. പായ്ക്ക് ചെയ്ത ധാന്യങ്ങള്‍ക്കും പയറുവർഗങ്ങള്‍ക്കും ധാന്യപ്പൊടികള്‍ക്കും നിലവില്‍ അഞ്ചു ശതമാനം ജിഎസ്ടിയുണ്ട്. ഇതില്‍ കുറവ് വരുത്താത്തതിനാലാണ് വില കുറയാത്തത്.
അരി, അരിപ്പൊടി, ഗോതമ്പുപൊടി, പയർവർഗങ്ങള്‍ എന്നിവയ്ക്ക് 25 കിലോഗ്രാമിന് മുകളിലുള്ള പാക്കറ്റിന് ജിഎസ്ടി ഇല്ല. ഇത് ഉപയോഗപ്പെടുത്താൻ 26, 40, 50 കിലോഗ്രാം പാക്കറ്റുകളാണ് (ചാക്ക്) ഉത്‌പാദകർ വിതരണം ചെയ്യുന്നത്. പാക്കറ്റിലല്ലാതെ, കടകളില്‍നിന്ന് തൂക്കിവാങ്ങുന്ന ധാന്യങ്ങള്‍ക്കും ധാന്യപ്പൊടികള്‍ക്കും പയർവർഗങ്ങള്‍ക്കും ജിഎസ്ടിയില്ല.
ബ്രാൻഡഡ് കമ്പനികളാണ് ആദ്യകാലത്ത് അരി, അരിപ്പൊടി, ഗോതമ്ബുപൊടി, പയർവർഗങ്ങള്‍ എന്നിവ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ കുടുംബശ്രീയും കർഷകക്കൂട്ടായ്മകളും ചെറുകിടസംരംഭമായി ഇത്തരം സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
നാട്ടിൻപുറങ്ങളിലെ പലചരക്ക് കടകളിലൂടെയാണ് കൂടുതലായി വിറ്റഴിക്കുന്നത്. ഗുണനിലവാരം, വിലക്കുറവ്, നാടൻ ഉത്‌പന്നം തുടങ്ങിയ പരിഗണനയും ഇവയ്ക്ക് ലഭിക്കും. ഉപഭോക്താക്കളും സാധാരണക്കാരാണ്.
പ്ലാസ്റ്റിക് നിരോധനം കർക്കശമായതോടെ പായ്ക്ക് ചെയ്തുവരുന്ന പലചരക്ക് സാധനങ്ങള്‍ വില്‍ക്കാനാണ് കച്ചവടക്കാർക്കും താത്‌പര്യം. തൂക്കം നോക്കാനും പൊതിയാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമെന്നും അവർ പറയുന്നു.