
തിരുവനന്തപുരം: ജിഎസ്ടിയിൽ വരുത്തിയ ഇളവുകൾ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും.
രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും ചെറുകിട വിൽപന ശാലകളിലും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സംഘം മിന്നൽ പരിശോധന നടത്തുമെന്നും നിയമലംഘകർക്ക് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിലയിൽ സംശയം തോന്നിയാൽ സ്ഥാപനങ്ങൾക്കോ വിൽപനക്കാർക്കോ എതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാനുള്ള സംവിധാനവും ഒരുക്കുമെന്ന് സിസിപിഎ അറിയിച്ചു. അതേസമയം, ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചിട്ടും വിപണിയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നു സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ.
വിലക്കുറവ് പ്രതിഫലിക്കുന്നുണ്ടോ എന്നറിയാൻ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാന വ്യാപക പരിശോധന. പരിശോധന രണ്ടാഴ്ച തുടരും.