
ദില്ലി: ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളിൽ ദില്ലിയിൽ നടക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിലാണ് യോഗം. കൗൺസിൽ യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 2ന് ദില്ലിയിൽ ഓഫീസർമാരുടെ യോഗം ചേരും.
യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. രണ്ട് ദിവസങ്ങളിലും രാവിലെ 11 മണിക്കായിരിക്കും യോഗം ചേരുകയെന്നും യോഗങ്ങളുടെ അജണ്ടയും വേദിയുടെ വിശദാംശങ്ങളും പിന്നീട് പങ്കിടുമെന്നും അംഗങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നു.
ജിഎസ്ടി കൗൺസിലിലെ എല്ലാ അംഗങ്ങളെയും ചർച്ചകളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ, ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ജിഎസ്ടി, നഷ്ടപരിഹാര സെസ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായേക്കും.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ ഉൾപ്പെടുന്നതാണ് ജിഎസ്ടി കൗൺസിൽ.
12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകിയിരുന്നു. ഇനി മുതൽ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്.