
കൊച്ചി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ (ഹിൽ ഇന്ത്യ) എറണാകുളം ഏലൂർ ഉദ്യോഗമണ്ഡലിലെ പ്ളാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് കേന്ദ്രസർക്കാർ. പ്ളാന്റ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുത്ത മാതൃകയിൽ ഹിൽ ഇന്ത്യയെയും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ കേന്ദ്ര ഹെൽത്ത് കെയർ ഉത്‌പന്ന നിർമ്മാണ സ്ഥാപനമായ എച്ച്.എൽ.എല്ലിനെ ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ പോലും സംസ്ഥാന സർക്കാരിനെ കേന്ദ്രം അനുവദിച്ചിരുന്നില്ല.
സമാന മനോഭാവമാണ് ഹിൽ ഇന്ത്യയുടെ കാര്യത്തിലും കേന്ദ്രത്തിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ഉദ്യോഗമണ്ഡലിൽ ഹിൽ ഇന്ത്യയുടെ ഭൂമി സംബന്ധിച്ച് പരിശോധിക്കാൻ വ്യവസായവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
കീടനാശിനി നിർമ്മാണസ്ഥാപനമായ ഹിൽ ഇന്ത്യ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി വളം നിർമ്മാണത്തിലേക്കും കടന്നിരുന്നു. ഹിൽ ഇന്ത്യ കൊച്ചി യൂണിറ്റ് അടച്ചുപൂട്ടുന്നതിന് പകരം കൊച്ചിയിൽ തന്നെയുള്ള കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫാക്ട് ഏറ്റെടുക്കുകയോ ഫാക്‌ടുമായി ലയിപ്പിക്കുകയോ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്രതിസന്ധിയുടെ ഹിൽ
2015വരെ തുടർച്ചയായി ഏറ്റവുമധികം ലാഭം കുറിച്ചിരുന്ന യൂണിറ്റായിരുന്നു കൊച്ചിയിലേത്. 1,300ലേറെ ജീവനക്കാരുണ്ടായിരുന്ന കൊച്ചി യൂണിറ്റിൽ ഇപ്പോൾ നാമമാത്ര ജീവനക്കാരേയുള്ളൂ.
മാസങ്ങൾ കൂടുമ്പോഴാണ് വേതനം കിട്ടുന്നത്. 3-4 മാസത്തെ ശമ്പളം കുടിശികയാണെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ പി.എഫ് വിഹിതവും അടയ്ക്കുന്നില്ല. വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യവും നൽകുന്നില്ല.
ഏറെ ലാഭകരമായി നടത്താവുന്ന പ്ളാന്റിനാണ് ഈ അവസ്ഥയെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.