
. പ്രമുഖ സഹ-ഡെവലപ്പര്‍മാരെ പങ്കാളികളാക്കുമെന്ന് ഐടി സ്പെഷ്യല്‍ സെക്രട്ടറി
തിരുവനന്തപുരം: കേരളത്തില്‍ ഐടി സ്പേസിനായുള്ള ആവശ്യകത വളരെ ഉയര്‍ന്നതാണെന്നും പ്രധാന സഹ-ഡെവലപ്പര്‍മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഐടി വകുപ്പ് സംരംഭങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരള ഐടിയുമായി സഹകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഡിജിനെക്സ്റ്റ് ഉച്ചകോടി 2025-ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘ബ്രിഡ്ജിംഗ് ഇന്‍ഡസ്ട്രീസ്: പവറിംഗ് ദി ഫ്യൂച്ചര്‍’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടത്തിയത്.
കേരളത്തിലെ ഐടി പാര്‍ക്കുകള്‍ മികവിന്‍റെ പ്രതീകങ്ങളായി നിലകൊള്ളുകയാണെന്ന് സീറാം സാംബശിവ റാവു ചൂണ്ടിക്കാണിച്ചു. കൂടുതല്‍ ഐടി സ്പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ സാങ്കേതിക ആവാസ വ്യവസ്ഥ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. അതിനെ മുന്നോട്ടു നയിക്കുന്നതിനായി ശരിയായ കാഴ്ചപ്പാട്, മതിയായ സംവിധാനങ്ങള്‍ എന്നിവയില്‍ ഐടി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിലെ ഡെവലപ്പര്‍മാര്‍ ഐടിയെയും സാങ്കേതികവിദ്യയെയും വലിയ അവസരങ്ങളുടെ മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സഹ-ഡെവലപ്പർമാരുടെ പ്രപ്പോസലുകള്‍ പരിഗണനയിലുണ്ട്. ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് സീറാം സാംബശിവ റാവു വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സുസ്ഥിര ഐടി ആവാസവ്യവസ്ഥയുടെ ഉദാഹരണങ്ങളായി ടോറസ് ഡൗണ്‍ ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്നോപാര്‍ക്ക് ഫേസ് -3 കാംപസിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയ സുപ്രധാന പദ്ധതികളെ അദ്ദേഹം ഉദ്ധരിച്ചു.
കൊച്ചിയില്‍ ഒരു ഐടി പ്ലേസ്റ്റേഷന്‍ സാങ്കേതികവിദ്യയും ക്രിയേറ്റീവ് ടെക്നോളജി ഡെസ്റ്റിനേഷനും സ്ഥാപിക്കുന്നതിനുള്ള 100 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എഐ-അധിഷ്ഠിത ഹൈടെക് സിറ്റി പദ്ധതിക്കായി കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക് രണ്ട് പുതിയ സ്ഥലങ്ങള്‍ ഉടന്‍ ചേര്‍ക്കും. വ്യവസായ വകുപ്പിന്‍റെ ട്രാക്കോ കേബിള്‍ കമ്പനിയില്‍ നിന്നാണ് 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. കോഴിക്കോട്ടെ ഐടി സ്പേസ് വികസിപ്പിക്കുന്നതിനായി ഹൈലൈറ്റ് പോലുള്ള പ്രമുഖ സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലായിടത്തും ഐടി സ്പേസ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ല. അതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടി പ്രാപ്തമാക്കാന്‍ പുതിയ ഐടി നയം നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ പ്രമുഖരെയും, ഇന്നൊവേറ്റേഴ്സിനെയും സംരംഭകരെയും ഒരു പ്ലാറ്റ് ഫോമില്‍ ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഉച്ചകോടി സംഘടിപ്പിച്ച തിനും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഇടപഴകുന്നതിനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയെ സീറാം സാംബശിവ റാവു അഭിനന്ദിച്ചു. ടാറ്റാ എല്‍ക്സി സെന്‍റര്‍ ഹെഡ്ഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, അലയന്‍സ് സര്‍വീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജിസണ്‍ ജോണ്‍, വേള്‍ഡ് ട്രേഡ് സെന്‍റര്‍ പ്രസിഡന്‍റ് ഹൃഷികേശ് നായര്‍, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാന്‍ നിഖില്‍ പ്രദീപ്, സിഐഐ ഡിജിടെക് പാനല്‍ കണ്‍വീനര്‍ രാകേഷ് രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.