
ന്യൂഡല്‍ഹി: ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യാപാരികളില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇതിനായി വിദേശ നിക്ഷേപ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അനുമതി ലഭ്യമാകുന്ന പക്ഷം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങി അവ വിദേശി വിപണികളില്‍ വില്‍പന നടത്താം.
എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ലഭ്യമാകില്ല. നിലവില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഒരു നിര്‍ദ്ദിഷ്ട ഫീസ് വാങ്ങി വിതരണക്കാരെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്നു. അവരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുന്നില്ല. ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്ക ദീര്‍ഘകാലമായി ആവശ്യപ്പെടുന്നു.
കയറ്റുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായി നിയമങ്ങളില്‍ ഇളവ് വേണമെന്ന് ആമസോണും ഇന്ത്യന്‍ സര്‍ക്കറിനോടാവശ്യപ്പെട്ടു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) തയ്യാറാക്കിയ നിര്‍ദ്ദിഷ്ട മാറ്റം ‘മൂന്നാം കക്ഷി കയറ്റുമതി സൗകര്യ മാതൃക’ അവതരിപ്പിക്കുന്നു. ഇത് പ്രകാരം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്ഥാപനം അന്താരാഷ്ട്ര കയറ്റുമതികള്‍ക്കാവശ്യമായ നിയമ പാലനവും ഡോക്യുമെന്റേഷനും കൈകാര്യം ചെയ്യും.
സങ്കീര്‍ണ്ണമായ പേപ്പര്‍ വര്‍ക്കുകളും നിയന്ത്രണ നടപടിക്രമങ്ങളും ഒഴിവാക്കാന്‍ ഇത് ഇന്ത്യന്‍ ബിസിനസുകളെ സഹായിയ്ക്കും. റോയിട്ടേഴ്സ് അവലോകനം ചെയ്ത ഡിജിഎഫ്ടിയുടെ ആന്തരിക രേഖ പ്രകാരം, ഓണ്‍ലൈനില്‍ വില്‍ക്കുന്ന ചെറുകിട ഇന്ത്യന്‍ ബിസിനസുകളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ ആഗോള കയറ്റുമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. അനുസരണ ആവശ്യകതകളും കയറ്റുമതി നിയന്ത്രണങ്ങളുമാണ് കാരണം.
2015 മുതല്‍ ഇന്ത്യയില്‍ നിന്ന് മൊത്തം 13 ബില്യണ്‍ ഡോളര്‍ കയറ്റുമതി നടത്തിയതായി ആമസോണ്‍ 2024 ഡിസംബറില്‍ പ്രസ്താവിച്ചു. 2030 ഓടെ ഇത് 80 ബില്യണ്‍ ഡോളറാക്കാനാണ് ശ്രമം. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാരികള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആമസോണിന്റെ സാമ്പത്തിക ശക്തിയും സ്‌കെയിലും അവരുടെ ബിസിനസുകളെ ദോഷകരമായി ബാധിക്കുമെന്നും വിപണി വിഹിതം കുറയ്ക്കുമെന്നും അവര്‍ ഭയക്കുന്നു.