
മുംബൈ: എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങൾ വിൽക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ. അനുബന്ധ കമ്പനികളുടെ നിർദിഷ്ട വിൽപ്പനയ്‌ക്കുള്ള നടപടികളുടെ ഭാഗമായി ബേർഡ് ഗ്രൂപ്പ്, സെലിബി ഏവിയേഷൻ, ഐ സ്‌ക്വയേർഡ് ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള വരാൻ പോകുന്ന ലേലക്കാരുമായി സർക്കാർ ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
വിൽപ്പനയ്ക്കായി കമ്പനികളുമായി സർക്കാർ ചർച്ച നടത്തുന്നതായും. എല്ലാ അനുബന്ധ സ്ഥാപനങ്ങളും വിൽക്കുന്നതിന് തങ്ങൾക്ക് ഇതിനകം കാബിനറ്റ് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (എഐഎടിഎസ്എൽ), എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് (എഎഎസ്എൽ), എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് (എഐഇഎസ്എൽ), ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐ) എന്നിവയാണ് എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങൾ.
അതിൽ ബേർഡ് ഗ്രൂപ്പ്, സെലിബി ഏവിയേഷൻ, ഐ സ്‌ക്വയേർഡ് ക്യാപിറ്റൽ എന്നിവ എഐഎടിഎസ്എല്ലിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള ഏറ്റവും വലിയ മൂന്നാം കക്ഷി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിലൊന്നാണ് ബേർഡ് ഗ്രൂപ്പ്.
നഷ്ടത്തിലായ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ടാറ്റ ഗ്രൂപ്പിന് കൈമാറിയിരുന്നു.