
ന്യൂഡൽഹി: ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് മധ്യവര്ഗക്കാരെയും ഉള്പ്പെടുത്തിയേക്കും. ആരോഗ്യ ഇന്ഷുറന്സ് ഇല്ലാത്തവര്ക്കുകൂടി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് സര്ക്കാരിന് നാഷണല് ഹെല്ത്ത് അതോറിറ്റിയാണ് നിര്ദേശം നല്കിയത്.
നീതി ആയോഗിന്റെ 2021 ഒക്ടോബറിലെ കണക്കുപ്രകാരം 25 കോടി പേര് ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ ഭാഗമാണ്. എങ്കിലും ആരോഗ്യകരമായി ജീവിതം നയിക്കുന്ന ഇടത്തരക്കാരില് ഏറെപ്പേരും ഇപ്പോഴും ആരോഗ്യ ഇന്ഷുറന്സിന്റെ ഭാഗമല്ല. 2018 സെപ്റ്റംബറില് ആരംഭിച്ച പദ്ധതിയില് ഇതിനകം 14 കോടി കുടുബങ്ങളും അതിലുള്ള 72 കോടി പേരുമാണ് അംഗളായുള്ളത്.
കൂട്ടമായി പദ്ധതിയില് ചേര്ക്കുകയെന്ന നയമാകും സ്വീകരിച്ചേക്കുക. കാര്ഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്, ടാക്സി, ട്രക്ക് ഡ്രൈവര്മാര്, കര്ഷകര്, വിവിധ മേഖലകളിലെ ജോലിക്കാര് എന്നിവരെ ഉള്പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാന് അനുസരിച്ച് ജനറല് വാര്ഡ്, റൂം എന്നിവ ഉള്പ്പടെയുള്ള പരിരക്ഷയാകും ഉറപ്പാക്കുക.
പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മോദി സര്ക്കാര് ആയുഷ്മാന് ഭാരത് ആവിഷ്കരിച്ചത്. പദ്ധതി പ്രകാരം ഇന്ഷുറന്സ് തുക സര്ക്കാരാണ് വഹിക്കുക. നിലവിലെ ഈ വ്യവസ്ഥയില് മാറ്റംവരുത്തി കുറഞ്ഞ പ്രീമിയത്തില് ഇടത്തരക്കാര്ക്കുകൂടി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് അറിയുന്നു.
ബജറ്റില് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.