
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം തിങ്കളാഴ്ച നടപ്പിലാകാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റീഡ്രസല്‍ മെക്കാനിസം പോര്‍ട്ടലില്‍ സമര്‍പ്പിക്കാം.
കൂടാതെ 1915 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ എസ്എംഎസ്,ഇമെയില്‍,വാട്ട്‌സാപ്പ്, എന്‍സിഎച്ച് മൊബൈല്‍ ആപ്പ്, ഐഎന്‍ജിആര്‍എഎം വെബ് പോര്‍ട്ടെല്‍,ഉമാങ് ആപ്പ് ഉപയോഗിച്ചോ പരാതികള്‍ നല്‍കാവുന്നതാണ്.
നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, പഞ്ചാബി, നേപ്പാളി, ഗുജറാത്തി, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മൈഥിലി, സന്താലി, ബംഗാളി, ഒഡിയ, ആസാമീസ്, മണിപ്പൂരി ഭാഷകളില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സഹായം തേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും.
ഹെല്‍പ്പ്‌ലൈന്‍ ഡാറ്റ ശേഖരിക്കുകയും കമ്പനികള്‍,സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സിബിഐസി) എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യും. നടപടി ഉറപ്പുവരുത്താനും വേഗത്തിലാക്കാനും സംവിധാനമുണ്ടായിരിക്കും.
നീക്കം ജിഎസ്ടി പാലനം മെച്ചപ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.നിയമസംവിധാനത്തില്‍ ഉപഭോക്താക്കളുടെ ഉള്‍പ്പെടുത്തലും ലക്ഷ്യമാണ്. ഇതുവഴി ജിഎസ്ടി സംവിധാനം സുതാര്യമാകും.






