
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനം, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സ്വകാര്യ മേഖല പ്രൊഫഷണലിന്റെ കൈകളിലേയ്ക്ക്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് ദാതാവിന്റെ തലപ്പത്ത് സ്വകാര്യ മേഖല പ്രൊഫഷണലിനെ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒരു സര്‍ക്കാര്‍ ഇതര നേതൃത്വം എല്‍ഐസിയെ നിയന്ത്രിക്കുന്നത്് അതിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
‘എല്‍ഐസി സിഇഒ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.സ്വകാര്യ മേഖല ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുതകുന്ന മാറ്റമാണ് വരുത്തുക’ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ചെയര്‍മാന്റെ നേതൃത്വത്തിലാണ് 41 ട്രില്യണ്‍ രൂപ (500.69 ബില്യണ്‍ ഡോളര്‍) ആസ്തിയുള്ള ഇന്‍ഷൂറന്‍സ് ഭീമന്‍ ഇപ്പോഴുള്ളത്.മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്നതോടെ ആ സ്ഥാനം ഒഴിവാക്കപ്പെടും.
അതിനുശേഷം സ്വകാര്യമേഖലയില്‍ നിന്ന് ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.”നീക്കം കൂടുതല്‍ തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുകയും ഓഹരി ഉടമകള്‍ക്ക് നല്ല സൂചനകള്‍ നല്‍കുകയും ചെയ്യും,” ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.